പുതിയ നൂറ്റാണ്ട് പഴയ നിയമങ്ങള്‍ വച്ച് സൃഷ്ടിക്കാനാവില്ലെന്ന് പ്രധാനമന്ത്രി

By Web TeamFirst Published Dec 8, 2020, 7:19 PM IST
Highlights

പുതിയ സാഹചര്യങ്ങള്‍ നല്‍കാനായി പുനസംഘടനകള്‍ അത്യാവശ്യമാണ്. അടുത്ത നൂറ്റാണ്ടിനെ പഴയ നൂറ്റാണ്ടിലെ നിയമങ്ങള്‍ വച്ച് നിര്‍മ്മിക്കാനാവില്ല.പഴയ നൂറ്റാണ്ടില്‍ നല്ലതായിരുന്ന ചില നിയമങ്ങള്‍ ഇപ്പോള്‍ ഭാരമായി മാറിയിട്ടുണ്ട്. പുനസംഘടന ഒരു തുടര്‍പ്രക്രിയയാണ്.

ആഗ്ര: കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷകരുടെ പ്രതിഷേധം കടുക്കുമ്പോള്‍ പുതിയ നൂറ്റാണ്ട് പഴയ നിയമങ്ങള്‍ വച്ച് സൃഷ്ടിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആഗ്ര മെട്രോ റെയില്‍ പദ്ധതി ലോഞ്ച് ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പുതിയ മാറ്റങ്ങളുടെ പ്രതിഫലനം കാണാനുണ്ടെന്നാണ് തിങ്കളാഴ്ച നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞത്. കര്‍ഷക സമരത്തിന് പിന്തുണയുമായി പ്രഖ്യാപിച്ച ഭാരത ബന്ദിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

കര്‍ഷക സമരത്തിനെതിരെ നേരിട്ടുള്ള പരാമര്‍ശം നടത്താതെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. പുനസംഘടന  വികസനത്തിന് ആവശ്യമാണ്. പുതിയ സാഹചര്യങ്ങള്‍ നല്‍കാനായി പുനസംഘടനകള്‍ അത്യാവശ്യമാണ്. അടുത്ത നൂറ്റാണ്ടിനെ പഴയ നൂറ്റാണ്ടിലെ നിയമങ്ങള്‍ വച്ച് നിര്‍മ്മിക്കാനാവില്ല.പഴയ നൂറ്റാണ്ടില്‍ നല്ലതായിരുന്ന ചില നിയമങ്ങള്‍ ഇപ്പോള്‍ ഭാരമായി മാറിയിട്ടുണ്ട്. പുനസംഘടന ഒരു തുടര്‍പ്രക്രിയയാണ്. സമഗ്രമായ പുനസംഘടനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നേരത്തെ പുനസംഘടനകള്‍ നടന്നിരുന്നത് ചെറുഭാഗങ്ങള്‍ ആയിട്ടാണെന്നുമാണ് പ്രധാനമന്ത്രി വിശദമാക്കുന്നത്. രാജ്യത്തിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ് സമീപകാലത്തുണ്ടായ പുനസംഘടനകളെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പുനസംഘടനയിലൂടെ മികച്ച കാര്യങ്ങള്‍ ലഭിക്കുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ തൃപ്തരാവുമെന്നും പ്രധാനമന്ത്രി പറഞ്ഞതായാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ ജനങ്ങളുടെ ചെറുസന്തോഷങ്ങളും പിന്തുണയുമാണ് പുതിയ സംരംഭങ്ങളിലേക്ക് പോകാനുള്ള ധൈര്യം നല്‍കുന്നതെന്നുമാണ് പ്രധാനമന്ത്രി വിശദമാക്കിയത്. വികസന പദ്ധതികള്‍ പ്രഖ്യാപിച്ച ശേഷം അവയ്ക്ക് പണം കണ്ടെത്താനാകാത്ത സ്ഥിതിയുണ്ടായിരുന്നു രാജ്യത്ത്. എന്നാല്‍ മോദി സര്‍ക്കാര്‍ ഫണ്ടുകളുടെ ലഭ്യത ഉറപ്പ് വരുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

click me!