Latest Videos

ശുചിമുറിയില്ല, സമാന്തര സൌകര്യം ഉപയോഗിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരി കക്കൂസ് ടാങ്കില്‍ വീണുമരിച്ചു

By Web TeamFirst Published Dec 8, 2020, 4:58 PM IST
Highlights

തൊഴിലിടത്ത് ശുചിമുറികള്‍ ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ അസൌകര്യങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാജി വയ്ക്കാനൊരുങ്ങിയ ശരണ്യ പിന്നീട് മറ്റ് ജീവനക്കാരികള്‍ക്കൊപ്പം തൊഴിലിടത്തിന് സമീപത്തെ വീടുകളിലും പരിസരങ്ങളിലുമാണ് ശുചിമുറിയില്‍ പോയിരുന്നത്. 

ചെന്നൈ: തുറന്നുകിടന്ന സെപ്റ്റിക് ടാങ്കില്‍ അബദ്ധത്തില്‍ വീണ സര്‍ക്കാര്‍ ഉദ്യോഗസ്ഥ മരിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. കൃഷി വകുപ്പില്‍ വെയര്‍ ഹൌസ് മാനേജരായി ജോലി ചെയ്തിരുന്ന 23കാരിയായ ശരണ്യ ഷണ്‍മുഖന്‍ എന്ന യുവതിയാണ് മരിച്ചത്. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൌകര്യങ്ങള്‍ ഇല്ലായ്മയിലേക്ക് കൃത്യമായ സൂചന നല്‍കുന്നതാണ് ദാരുണ സംഭവം. 

2019ല്‍ തമിഴ്നാട് പബ്ളിക് സര്‍വ്വീസ് പരീക്ഷ പാസായ ശേഷമാണ് ശരണ്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചത്. എന്നാല്‍ തൊഴിലിടത്ത് ശുചിമുറികള്‍ ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ അസൌകര്യങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാജി വയ്ക്കാനൊരുങ്ങിയ ശരണ്യ പിന്നീട് മറ്റ് ജീവനക്കാരികള്‍ക്കൊപ്പം തൊഴിലിടത്തിന് സമീപത്തെ വീടുകളിലും പരിസരങ്ങളിലുമാണ് ശുചിമുറിയില്‍ പോയിരുന്നത്. ശനിയാഴ്ച മഴ പെയ്യുന്നതിനാല്‍ സമീപത്തെ വീടുകളില്‍ പോകാനാവാതെ വന്നതോടെയാണ് ശരണ്യ സമീപത്ത് നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന കെട്ടിടത്തില്‍ ശുചിമുറി സൌകര്യത്തിനായി പോയത്. 

എന്നാല്‍ കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിലേക്ക് ശരണ്യ അബദ്ധത്തില്‍ വീഴുകയായിരുന്നു. സെപ്റ്റിക് ടാങ്കിന് മുകളിലെ ഷീറ്റ് മാറ്റിയ ശേഷം മൂത്രമൊഴിക്കാനുള്ള ശ്രമത്തിനിടെ ശരണ്യ കാലുതെറ്റി ടാങ്കില്‍ വീണതാവാമെന്നാണ് സുചന. ശുചിമുറിയില്‍ പോയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷവും ശരണ്യയെ കാണാതായതോടെ സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന് സമീപത്തെ സെപ്റ്റിക് ടാങ്കിന് സമീപം ശരണ്യയുടെ ചെരുപ്പ് കണ്ടെത്തിയത്. ടാങ്കില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ പുറത്തെടുത്തെങ്കിലും അതിനോടകം  ശരണ്യ മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

click me!