
ദില്ലി: പ്രധാനമന്ത്രിയുടെ (Narendra Modi) പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ (Security breach) ചൊല്ലി വിവാദങ്ങൾ പുകയുമ്പോൾ യൂത്ത് കോൺഗ്രസ് (Youth Congress) ദേശീയ അധ്യക്ഷൻ ശ്രീനിവാസ് ബി വിയുടെ (Srinivas BV) ട്വീറ്റിനെതിരെ വ്യാപക വിമർശനം. 'മോദിജി ഹൗ ഇസ് ദി ജോഷ്' എന്നാണ് ശ്രീനിവാസ് ട്വിറ്ററിൽ കുറിച്ചത്. 'ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന ചിത്രത്തിലെ ഹിറ്റ് ഡയലോഗാണ് 'ഹൗ ഇസ് ജോഷ്?' (ഉഷാറല്ലേ?). പിന്നീട് മുംബൈയില്‍ ആരംഭിച്ച നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ പ്രധാനമന്ത്രി ഈ ഡയലോഗ് പറഞ്ഞത് ഏറെ വൈറൽ ആയി മാറിയിരുന്നു.
ഇപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു സംസ്ഥാനം സന്ദർശിച്ചപ്പോഴുണ്ടായ സുരക്ഷ വീഴ്ചയുടെ സമയത്ത് ശ്രീനിവാസ് ഇത്തരമൊരു ട്വീറ്റ് ഇട്ടതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുള്ളത്. സുരക്ഷാ വീഴ്ച മുൻകൂട്ടി തയാറാക്കിയ അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ട്വീറ്റ് എന്നാണ് പലരും കമന്റുകളിലൂടെ പ്രതികരിക്കുന്നത്. അതേസമയം, കര്‍ഷക രോഷത്തെ തുടര്‍ന്ന് പഞ്ചാബിലെ ഫ്‌ളൈ ഓവറില്‍ 20 മിനിറ്റ് കുടുങ്ങിയ സംഭവത്തില്‍ കടുത്ത രോഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്. ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ച മോദി, ജീവനോടെ തിരികെ എത്തിയതിന് മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കണമെന്ന് പറഞ്ഞു.
ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ തിരികെ എത്തിയപ്പോഴാണ് മോദി ഇങ്ങനെ പറഞ്ഞത്. ''നന്ദി മുഖ്യമന്ത്രി. ഞാന്‍ ഭാട്ടിന്‍ഡ വിമാനത്താവളത്തില്‍ ജീവനോടെ തിരിച്ചെത്തി''- അദ്ദേഹം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്.
ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ലൈ ഓവറില്‍ കുടുങ്ങി. വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപണം. പഞ്ചാബ് സര്‍ക്കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയുടെ ആരോപണം. എന്നാല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാനനിമിഷം റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ തീരുമാനിച്ചതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam