'പഞ്ചാബ് പൊലീസിന് എല്ലാമറിയാമായിരുന്നു'; പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

By Web TeamFirst Published Jan 11, 2022, 9:26 PM IST
Highlights

പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും തീവ്രസ്വഭാവമുള്ളവരാണെന്നും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിക്കിടക്കുമ്പോള്‍ മേല്‍പ്പാലത്തിന് സമീപം അനധികൃത മദ്യശാലകള്‍ തുറന്നിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
 

ദില്ലി: പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്ക് പുറപ്പെട്ട പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയെക്കുറിച്ച് (PM's security breach) ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേയുടെ (India Today) സ്റ്റിംഗ് ഓപ്പറേഷനിലൂടെ സംഭവം പുറത്തെത്തിച്ചത്. പ്രധാനമന്ത്രിക്കെതിരെയുള്ള സമരത്തെക്കുറിച്ചുള്ള വിവരം പഞ്ചാബ് പൊലീസ് (Punjab Police) നേരത്തെ അറിഞ്ഞെങ്കിലും നടപടിയെടുത്തില്ലെന്നാണ് വെളിപ്പെടുത്തല്‍. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വഴി തടയുമെന്നത് നേരത്തെ അറിഞ്ഞിരുന്നെന്നും ഇക്കാര്യം പൊലീസ് ഉന്നതരെ അറിയിച്ചെന്നും പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പുകാലമായതിനാല്‍ പ്രധാനമന്ത്രിയുടെ വഴി തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുകളില്‍ നിന്ന് ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയതെന്നും ഇവര്‍ പറഞ്ഞു. പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും തീവ്രസ്വഭാവമുള്ളവരാണെന്നും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിക്കിടക്കുമ്പോള്‍ മേല്‍പ്പാലത്തിന് സമീപം അനധികൃത മദ്യശാലകള്‍ തുറന്നിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 


നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്ലൈ ഓവറില്‍ കുടുങ്ങി.

വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പഞ്ചാബ് സര്‍ക്കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയുടെ ആരോപണം. എന്നാല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാനനിമിഷം റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ തീരുമാനിച്ചതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വിശദീകരിച്ചു. സംഭവം സുപ്രീം കോടതി നിയോഗിച്ച കമ്മീഷനാണ് അന്വേഷിക്കുന്നത്.
 

click me!