നമ്മൾ കഠിനാധ്വാനം ചെയ്യുന്നു, വാർത്തകളിലാകെ ചിലരുടെ 'സിനിമ ബഹിഷ്കരണം', അത് വേണ്ട; കടുപ്പിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Jan 17, 2023, 10:54 PM IST
Highlights

പൂർണമായും പ്രവർത്തനങ്ങളിലേക്ക് നീങ്ങാനും പ്രവർത്തകരോടും നേതാക്കളോടും മോദി ആഹ്വാനം നൽകി, എല്ലാവരുടെയും രാജ്യമാണ് ഇത് എന്ന സന്ദേശം നൽകാൻ സാധിക്കണമെന്നും മോദി ആവശ്യപ്പെട്ടു

ദില്ലി: ബി ജെ പി ദേശീയ നിർവാഹക സമിതി യോഗത്തിൽ ബഹിഷ്കരണ ആഹ്വാനങ്ങൾക്ക് എതിരെ കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. രാജ്യ ഭരണത്തിനും പാർട്ടി പ്രവ‍ർത്തനത്തിനും നമ്മൾ കഠിനാധ്വാനം ചെയ്യുമ്പോൾ മാധ്യമങ്ങളിലും വാർത്തകളിലും നിറയുന്നത് സിനിമയ്ക്ക് എതിരായ ചിലരുടെ പരാമർശങ്ങളാണെന്നും ഇത് ശരിയായ പ്രവണതയല്ലെന്നും ബി ജെ പി പ്രവർത്തകരെ നരേന്ദ്രമോദി ഓ‍ർമ്മിച്ചു. ഇത്തരത്തിലുള്ള അനാവശ്യമായ പരാമർശങ്ങൾ ഒഴിവാക്കണം എന്നും ബി ജെ പി ദേശീയ നിർവാഹക സമിതി യോഗത്തിൽ മോദി ആവശ്യപ്പെട്ടു.

പൂർണമായും പ്രവർത്തനങ്ങളിലേക്ക് നീങ്ങാനും പ്രവർത്തകരോടും നേതാക്കളോടും മോദി ആഹ്വാനം നൽകി. രാജ്യത്തിന്‍റെ ഏറ്റവും മികച്ച ദിനങ്ങൾ ആണ് വരാനിരിക്കുന്നത് എന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ അമൃത് കാലത്തെ കർത്തവ്യ കാലമാക്കി മാറ്റുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി നിർദേശിച്ചു. വിവിധ ഭാഷകൾ സംസാരിക്കുന്ന രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സംസാരിക്കുന്നവരെ ഒരുമിക്കാൻ കാശി തമിഴ് സംഗമം പോലുള്ള പരിപാടികൾ എല്ലായിടത്തും നടത്താനും അദ്ദേഹം നിർദേശിച്ചു. എല്ലാവരുടെയും രാജ്യമാണ് ഇത് എന്ന സന്ദേശം നൽകാൻ സാധിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ജെ പി നദ്ദ ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് 2024 ജൂൺ വരെ തുടരും,തീരുമാനം ഐക്യകണ്ഠേന എന്ന് അമിത് ഷാ

2024 ൽ മോദിയുടെ തേരോട്ടം ഉറപ്പാക്കാനായുള്ള തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളാണ് ദേശീയ നിർവാഹക സമിതിയോഗത്തിൽ ആവിഷ്കരിച്ചത്. ആത്മവിശ്വാസത്തോടെ എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനെ നേരിടാൻ നേതാക്കൾക്ക് മോദി ആഹ്വാനം നൽകി. 400 സീറ്റ് എന്ന ലക്ഷ്യത്തോടെ ഇനിയുള്ള നാനൂറ് ദിനങ്ങൾ പ്രവർത്തിക്കാനും യോഗത്തിൽ മോദി ആവശ്യപ്പെട്ടു. അതിർത്തി ജില്ലകളിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും നിർദേശിച്ചു. മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിനായി കൂടുതൽ പദ്ദതികൾ നടപ്പാക്കുമെന്ന് യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. അതേസമയം ജെ പി നദ്ദ ബി ജെ പി ദേശീയ അധ്യക്ഷനായി തുടരാനും ദില്ലിയിൽ നടന്ന ദേശീയ നിർഹക സമിതി തീരുമാനിച്ചു. അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

click me!