ഇന്ത്യാ-പാക് ചർച്ച? വിമാന വാതിൽ തുറന്നതാര്? ആർത്തവ അവധി, സച്ചിൻ മാജിക്ക്, നമ്പർ 1 ഇന്ത്യ: ഇന്നത്തെ 10 വാർത്ത

By Web TeamFirst Published Jan 17, 2023, 6:51 PM IST
Highlights

പഞ്ചാബിൽ ഭാരത് ജോഡോ യാത്രക്കിടെയാണ് രാഹുലിനെ ആലിംഗനം ചെയ്യാൻ യുവാവിന്‍റെ ശ്രമമുണ്ടായത്. ഇത് സുരക്ഷ വീഴ്ചയായി കരുതേണ്ടെന്ന് വ്യക്തമാക്കി പിന്നാലെ രാഹുൽ ഗാന്ധി രംഗത്തെത്തുകയും ചെയ്തു. യുവാവിന് ആവേശം കൂടിപ്പോയതാണ്. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ പരിശോധിച്ചിരുന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു

1 മലക്കം മറിഞ്ഞ് പാക് പ്രധാനമന്ത്രി; കശ്മീരിന്‍റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ച

കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവണമെന്ന അഭ്യർത്ഥനയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്  മലക്കം മറിഞ്ഞു എന്നതാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. കശ്മീരിന്‍റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്നാണ് ഷഹബാസ് ഷെരീഫിന്‍റെ വിശദീകരണകുറിപ്പ്. ചര്‍ച്ചക്ക് തയ്യാറെന്ന പ്രസ്താവനക്കെതിരെ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ചക്ക് വ്യവസ്ഥ മുന്നോട്ട് വച്ച് പാക് പ്രധാനമന്ത്രി വീണ്ടും രംഗത്ത് വന്നതെന്നാണ് വിലയിരുത്തൽ. നേരത്തെ അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഇന്ത്യയുമായി ചര്‍ച്ചക്ക് താൽപര്യം പ്രകടിപ്പിച്ചത്.

2 ബിജെപി അധ്യക്ഷ സ്ഥാനത്ത് ജെ പി നദ്ദ 2024 ജൂൺ വരെ തുടരും,തീരുമാനം ഐക്യകണ്ഠേന എന്ന് അമിത് ഷാ

ദേശീയ അധ്യക്ഷനായി ജെ പി നദ്ദ തുടരാൻ ബി ജെ പി തീരുമാനം എടുത്തതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. ദില്ലിയില്‍ നടന്ന ദേശീയ നിര്‍ഹക സമിതിയിലെ തീരുമാനം അമിത് ഷായാണ് പ്രഖ്യാപിച്ചത്. കെ സുരേന്ദ്രനടക്കം സംസ്ഥാന അധ്യക്ഷന്മാര്‍ തുടരുന്നതിലും നിര്‍ഹക സമിതിയില്‍ ധാരണയായി.അടുത്ത വര്‍ഷം  പൊതു തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കേ  2024 ജൂണ്‍ വരെയാണ് ജെ പി നദ്ദയുടെ കാലാവധി നീട്ടിയത്. നിയമസഭ തെരഞ്ഞെടുപ്പുകളിലും നദ്ദയുടെ നേതൃത്വം പാര്‍ട്ടിയെ നയിക്കും. ഗുജറാത്തിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്കുണ്ടായ നേട്ടം എടുത്തു പറഞ്ഞാണ് നദ്ദയുടെ കാലവധി  നീട്ടുന്ന കാര്യം അമിത് ഷാ പ്രഖ്യാപിച്ചത്. കൊവിഡ് കാലത്ത് നദ്ദയുടെ നേതൃത്വം പാര്‍ട്ടിക്ക് പ്രയോജനപ്പെട്ടെന്നും അമിത് ഷാ അവകാശപ്പെട്ടു.

3 'ആവേശം കൂടിപ്പോയതാണ്'; ആൾക്കൂട്ടത്തിലൊരാൾ കെട്ടിപ്പിടിച്ചത് സുരക്ഷാ വീഴ്ചയായി കരുതേണ്ടെന്ന് രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധിയെ ആലിം​ഗനം ചെയ്യാൻ യുവാവിന്റെ ശ്രമമുണ്ടായതും രാഹുലിന്‍റെ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യവുമാണ് ഇന്നത്തെ മറ്റൊരു വാർത്ത. പഞ്ചാബിൽ ഭാരത് ജോഡോ യാത്രക്കിടെയാണ് രാഹുലിനെ ആലിംഗനം ചെയ്യാൻ യുവാവിന്‍റെ ശ്രമമുണ്ടായത്. ഇത് സുരക്ഷ വീഴ്ചയായി കരുതേണ്ടെന്ന് വ്യക്തമാക്കി പിന്നാലെ രാഹുൽ ഗാന്ധി രംഗത്തെത്തുകയും ചെയ്തു. യുവാവിന് ആവേശം കൂടിപ്പോയതാണ്. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ പരിശോധിച്ചിരുന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതിനിടെ ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികളും രംഗത്തെത്തി. കശ്മീരിലെ ചില ഭാ​ഗങ്ങളിൽ കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജൻസികൾ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ശ്രീനഗറിൽ എത്തുമ്പോള്‍ രാഹുൽ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

4 വിമാനത്തിലെ എമർജൻസി വാതിൽ യാത്രക്കാരൻ തുറന്നു; ഡിജിസിഎ അന്വേഷണം തുടങ്ങി

ഇൻ‍ഡിഗോ വിമാനത്തിലെ എമർജൻസി വാതിൽ യാത്രക്കാരൻ തുറന്ന സംഭവത്തിൽ അന്വേഷണം. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഡിസംബർ 10 നാണ് സംഭവം നടന്നത്.  ചെന്നൈ - തിരുച്ചിറപ്പള്ളി വിമാനത്തിൽ ആയിരുന്നു സംഭവം. ബിജെപി എംപി തേജസ്വി സൂര്യയാണ് എമർജൻസി വാതിൽ തുറന്നതെന്ന് റിപ്പോർട്ടുകളുണ്ട്. തേജസ്വി സൂര്യയും തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയുമായിരുന്നു എമർജൻസി വാതിലിന് അടുത്തിരുന്നതെന്നാണ് റിപ്പോർട്ടുകൾ. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് തേജസ്വി സൂര്യ ഇന്റിഗോ വിമാനക്കമ്പനിക്ക് എഴുതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഏത് യാത്രക്കാരനാണ് എമർജൻസി വാതിൽ തുറന്നതെന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടില്ല.

5 കെടിയുവിലും ആർത്തവ അവധി, സര്‍വ്വകലാശാലക്ക് കീഴിലെ എല്ലാ കോളജിലും ആർത്തവാവധി അനുവദിക്കും

സാങ്കേതിക സ‍ര്‍വകലാശാലയിലും (കെടിയു) ആർത്തവാവധി പ്രഖ്യാപിച്ചു. സര്‍വകലാശയ്ക്ക് കീഴിലെ എല്ലാ കോളേജിലുംആർത്തവാവധി അനുവദിക്കാൻ ബോർഡ് ഓഫ് ഗവേർണൻസ് തീരുമാനിച്ചു. ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക - ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം. കേരളത്തിലാദ്യമായി കുസാറ്റ് സ‍ര്‍വകലാശാലയാണ് ആര്‍ത്തവാവധി പ്രഖ്യാപിച്ചത്. ഈ മാതൃകയിൽ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ഡോ ആർ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു.

6 തുടർച്ചയായ രണ്ടാം ദിവസവും പി.വി അൻവർ എംഎൽഎയെ ഇ.ഡി ചോദ്യം ചെയ്യുന്നു

പി വി അൻവർ എംഎൽഎയെ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്ത് ഇ ഡി.  ബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് അൻവറിനെ ഇ ഡി ചോദ്യം ചെയ്യുന്നത് എന്നാണ് വിവരം. ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടില്‍ എം എൽ എയെ ഇന്നലെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് അൻവർ ക്ഷുഭിതനായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ഫുട്ബോള്‍ മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചതെന്നായിരുന്നു ഇന്നലെ ചോദ്യം ചെയ്യൽ സംബന്ധിച്ച ചോദ്യങ്ങളോടുള്ള അൻവറിന്‍റെ മറുപടി. ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി ഒമ്പതു മണിക്കാണ് അവസാനിച്ചത്.

7 പറവൂരിലെ ഭക്ഷ്യവിഷബാധ; ചികിത്സ തേടി കൂടുതൽ പേർ ആശുപത്രിയിലേക്ക്

എറണാകുളം ജില്ലയിലെ പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതാണ് മറ്റൊരു വാർത്ത. നിരവഝി പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇതുവരെ 17 പേരാണ് ചികിത്സ തേടിയിട്ടുള്ളത്. ഇന്ന് രാവിലെ മൂന്ന് പേരായിരുന്നു ചികിത്സ തേടിയത്. ഉച്ചയോടെ ഇത് ഒൻപതായി. പിന്നീട് 17 ആയി ഉയർന്നു. എല്ലാവരും പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവരാണ്. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂർ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചിരുന്നു. ഹോട്ടലിൽ ഉദ്യോഗസ്ഥർ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.

8 വോട്ടുപെട്ടി ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാവില്ല, കാണാതായത് ഗുരുതര വിഷയം: ഹൈക്കോടതി

പെരിന്തൽമണ്ണയിലെ വോട്ടുപെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്ന് കേരള ഹൈക്കോടതി. നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഇടത് സ്ഥാനാർത്ഥി കെപിഎം മുസ്തഫയുടെ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷി ചേർത്തു. ജനുവരി 30 ന് കേസ് വീണ്ടും പരിഗണിക്കും. ബാലറ്റുകൾ കാണാതായത് കോടതിയുടെ മേൽനോട്ടത്തിലോ, തിരഞ്ഞെടുപ്പ് കമ്മീഷനോ അന്വേഷിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. ബാലറ്റുകൾ ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബാലറ്റുകൾ ഹൈക്കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കാനാണ് തീരുമാനം.

9 സെഞ്ചുറിയുമായി സച്ചിന്‍ ബേബി, പിന്തുണയുമായി സക്സേന, കര്‍ണാടകക്കെതിരെ കേരളം ഭേദപ്പെട്ട നിലയിൽ

സച്ചിന്‍ ബേബിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി കരുത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരുത്തരായ കര്‍ണാടകക്കെതിരെ ആദ്യ ദിനം ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം. തുടക്കത്തില്‍ 6-3 എന്ന നിലയില്‍ തകര്‍ന്ന കേരളം ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ സച്ചിന്‍ ബേബി 116 റണ്‍സുമായി ക്രീസിലുണ്ട്. 31 റണ്‍സുമായി ജലജ് സക്സേനയാണ് സച്ചിനൊപ്പം ക്രീസില്‍. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 50 റണ്‍സടിച്ചിട്ടുണ്ട്. കര്‍ണാടകക്കായി കൗശിക് നാലു വിക്കറ്റ് വീഴ്ത്തി.

10 ടെസ്റ്റ് റാങ്കിംഗിലും ഒന്നാമതെത്തി ഇന്ത്യ; കിവീസിനെതിരായ ഏകദിന പരമ്പര നേടിയാല്‍ കാത്തിരിക്കുന്നത് ചരിത്രനേട്ടം

അടുത്ത മാസം തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഐസിസി ടെസ്റ്റ് ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ഓസ്ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 32 മത്സരങ്ങളില്‍ 115 റേറ്റിംഗ് പോയന്‍റുമായാണ് ഇന്ത്യ ഒന്നാ സ്ഥാനത്തെത്തിയത്. 29 മത്സരങ്ങളില്‍ 111 റേറ്റിംഗ് പോയന്‍റുള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്ത് ആണ്. ഇംഗ്ലണ്ട്(106), ന്യൂസിലന്‍ഡ്(100), ദക്ഷിണാഫ്രിക്ക(85) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഓസ്ട്രേലിയക്കെതിരെ അടുത്തമാസം ഒമ്പതിന് നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ്.  17ന് ഡല്‍ഹിയിലും, മാര്‍ച്ച് ഒന്നിന് ധര്‍മശാലയിലും ഒമ്പതിന് അഹമ്മദാബാദിലുമാണ് ശേഷിക്കുന്ന ടെസ്റ്റുകള്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടിയാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനും അവസരമുണ്ട്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയാല്‍ മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം.

click me!