'ഇത് എന്റെ സ്വന്തം ന​ഗരം, സൂറത്ത്'; അഭിമാനത്തോടെ മോദി, ആവേശത്തിലേറ്റെടുത്ത് ജനങ്ങൾ

By Web TeamFirst Published Sep 29, 2022, 6:08 PM IST
Highlights

"എന്തുകൊണ്ടാണ് സൂറത്തിന് ഒരു വിമാനത്താവളം ആവശ്യമായതെന്ന് അന്ന് ദില്ലിയിലിരുന്ന സർക്കാരിനോട് പറഞ്ഞുമടുത്തിരുന്നു.  ഈ നഗരത്തിന്റെ ശക്തി എന്താണെന്നും അന്ന് ആവർത്തിച്ചു പറയേണ്ടി വന്നു, ഇപ്പോൾ കണ്ടില്ലേ നിരവധി വിമാനങ്ങള്‍ ഇവിടെ നിന്ന് പറന്നുയരുന്നുണ്ട്".  

സൂറത്ത്‌: ​ഗുജറാത്തിൽ 34000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്​ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദർശനത്തിനെത്തിയ മോദിയെ സൂറത്തിലെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ​ഗുജറാത്തിയിലായിരുന്നു മോദിയുടെ പ്രസം​ഗം. സൂറത്ത് സ്വന്തം ന​ഗരമാണെന്ന മോ​ദിയുടെ പ്രഖ്യാപനത്തെ ഹർഷാരവത്തോടെയാണ് ജനങ്ങൾ എതിരേറ്റത്. 

ഗുജറാത്തിലെ പ്ര​ഗത്ഭമായ സർക്കാർ സൂറത്തിലെ അടിസ്ഥാനവികസന കാര്യത്തിൽ വളരെ മികച്ച സംഭാവനയാണ് നൽകിയിരിക്കുന്നതെന്ന് മോദി പറഞ്ഞു. താഴെക്കിടയിലുള്ളവർക്കും മധ്യവർ​ഗത്തിനും പാർപ്പിട സൗകര്യങ്ങൾ ഒരുക്കി നൽകി. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം, പാവപ്പെട്ട  32 ലക്ഷം ജനങ്ങൾക്ക് ചികിത്സാസൗകര്യം ലഭ്യമാക്കി. ഇതിൽ 1.25 ലക്ഷം പേരും സൂറത്തിൽ നിന്നുള്ളവരായണ്.   ഇന്ത്യയിലെമ്പാടും നാലുകോ‌ടി ജനങ്ങൾക്കാണ് പദ്ധതി ആനുകൂല്യം ലഭിച്ചത്. ഗുജറാത്തിലെ അടിസ്ഥാന സൗകര്യങ്ങളുൾപ്പടെ വികസിപ്പിക്കുന്നതിനുള്ള  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് മോദി പറഞ്ഞു. "നവരാത്രി ആഘോഷങ്ങളുടെ ഈ വേളയിൽ ​ഗുജറാത്തിൽ വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, കായിക, ആത്മീയ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് തറക്കല്ലിടാൻ സാധിച്ചത് അഭിമാനമായി കരുതുന്നു. സൂറത്ത് ഐക്യത്തിന്റെ മികച്ച ഉദാഹരണമാണ്. ഇന്ത്യയിലെമ്പാടും നിന്നുള്ള ജനങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഇതൊരു മിനി ഇന്ത്യയാണ്." മോദി പറഞ്ഞു. 

സൂറത്തിനെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡ് നഗരത്തിന്റെ സംസ്‌കാരവും സമൃദ്ധിയും ആധുനികതയും പ്രതിഫലിപ്പിക്കുന്നതാണെന്ന് മോദി അഭിപ്രായപ്പെട്ടു.  "എന്തുകൊണ്ടാണ് സൂറത്തിന് ഒരു വിമാനത്താവളം ആവശ്യമായതെന്ന് അന്ന് ദില്ലിയിലിരുന്ന സർക്കാരിനോട് പറഞ്ഞുമടുത്തിരുന്നു.  ഈ നഗരത്തിന്റെ ശക്തി എന്താണെന്നും അന്ന് ആവർത്തിച്ചു പറയേണ്ടി വന്നു, ഇപ്പോൾ കണ്ടില്ലേ നിരവധി വിമാനങ്ങള്‍ ഇവിടെ നിന്ന് പറന്നുയരുന്നുണ്ട്."  യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തി മോദി പറഞ്ഞു. ഈ ദശാബ്ദത്തിന്റെ തുടക്കത്തിൽ 3പി മോഡലിനെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തു. പബ്ലിക്, പ്രൈവറ്റ്, പാർട്ണർഷിപ്പ് എന്നതായിരുന്നു അത്. ഞാൻ സൂറത്തിന് 4പി മോഡലാണ് നൽകിയത്. പീപ്പിൾ, പബ്ലിക്, പ്രൈവറ്റ്, പാർട്ണർഷിപ് എന്നതാണത്. ഈ മാതൃക സൂറത്തിനെ പ്രത്യേകതയുള്ളതാക്കി. മോദി പറഞ്ഞു. രണ്ടുദിവസത്തെ സന്ദർശനത്തിൽ അഹമ്മദാബാദ്, ​ഗാന്ധിന​ഗർ, ഭാവ്ന​ഗർ, അംബാജി എന്നിവിടങ്ങളിലും മോദി പോകുന്നുണ്ട്.  

Read Also: 'ഭർത്തൃബലാത്സം​ഗങ്ങൾ കെട്ടുകഥയല്ല' നിർണായക വിലയിരുത്തലുമായി സുപ്രീംകോടതി

click me!