' ഭർത്തൃബലാത്സം​ഗങ്ങൾ കെട്ടുകഥയല്ല' നിർണായക വിലയിരുത്തലുമായി സുപ്രീംകോടതി

By Web TeamFirst Published Sep 29, 2022, 4:26 PM IST
Highlights

"മെഡിക്കല്‍ പ്രഗ്നന്‍സി ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്റെ പീഡനത്തിനും ബാധകമാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. വിവാഹജീവിതത്തിൽ സമ്മതമില്ലാതെ നടക്കുന്ന ലൈം​ഗികബന്ധങ്ങൾ വഴിയും സ്ത്രീകൾ ​ഗർഭം ധരിക്കാം. ​ഗാർഹികപീഡനങ്ങളുടെ  പരിധിയിൽ വരുന്ന കാര്യമാണിതെന്ന് ഇന്ത്യ‌ൻ നിയമം അനുശാസിക്കുന്നു". ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനാ‌‌യ ബഞ്ച് അഭിപ്രായപ്പെട്ടു. 

ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നുമുള്ള സുപ്രീംകോടതിയുടെ വിധിപ്രസ്താവത്തിലൂടെ സുപ്രീംകോടതി മറ്റൊന്നുകൂടി പറഞ്ഞുവെക്കുന്നു,  ഭർത്തൃബലാത്സം​ഗങ്ങൾ കെട്ടുകഥയല്ലെന്ന്!  വൈവാഹിക ജീവിതത്തിൽ ഭർത്താവിൽ നിന്ന് നിർബന്ധിത വേഴ്ച നേരിടേണ്ടിവരുന്നത് ബലാത്സം​ഗത്തിന്റെ പരിധിയിൽ അല്ലെന്ന കീഴ്ക്കോടതിവിധികളെ അസാധുവാക്കുന്നത് കൂടിയാണ് ഇന്നത്തെ വിധി. 

ഭർത്തൃബലാത്സം​ഗങ്ങളിൽ ഇരയാക്കപ്പെട്ട സ്ത്രീകൾക്കും ​ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്നാണ് ഇന്ന് കോടതി വിധിച്ചത്. സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ചയും ബലാത്സംഗമാണെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു. "മെഡിക്കല്‍ പ്രഗ്നന്‍സി ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്റെ പീഡനത്തിനും ബാധകമാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. വിവാഹജീവിതത്തിൽ സമ്മതമില്ലാതെ നടക്കുന്ന ലൈം​ഗികബന്ധങ്ങൾ വഴിയും സ്ത്രീകൾ ​ഗർഭം ധരിക്കാം. ​ഗാർഹികപീഡനങ്ങളുടെ  പരിധിയിൽ വരുന്ന കാര്യമാണിതെന്ന് ഇന്ത്യ‌ൻ നിയമം അനുശാസിക്കുന്നു". ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനാ‌‌യ ബഞ്ച് അഭിപ്രായപ്പെട്ടു. 

"ഭർത്താവിൽ നിന്ന് ഇത്തരത്തിൽ പീഡനം നേരി‌ടേണ്ടി വരുന്ന വിവാഹിതരായ സ്ത്രീകളും ലൈം​ഗികാതക്രമത്തെയോ ബലാത്സം​ഗത്തെയോ അതിജീവിച്ചവർ എന്ന പരിധിയിൽ വരും.  ബലാത്സംഗം എന്ന വാക്കിന്റെ സാധാരണ അർത്ഥം ഒരു വ്യക്തിയുമായി അവരുടെ സമ്മതമില്ലാതെയോ അല്ലെങ്കിൽ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായോ ഉള്ള ലൈംഗിക ബന്ധം എന്നാണ്. വിവാഹത്തിന്റെ പശ്ചാത്തലത്തിലാണോ അത്തരം നിർബന്ധിത ലൈംഗികബന്ധം നടക്കുന്നത് എന്ന്ത ഇവി‌ടെ അപ്രസക്തമാണ്. ഐപിസി  375-ാം വകുപ്പിലെ  എക്സപ്ഷൻ രണ്ട് പ്രകാരം ലൈം​ഗികാക്രമണം അല്ലെങ്കിൽ ബലാത്സംഗം എന്നിവയുടെ  അർത്ഥത്തിൽ ഭാര്യയോടുള്ള ഭർത്താവിന്റെ ലൈംഗികാതിക്രമമോ ബലാത്സംഗമോ ഉൾപ്പെടുന്നു." കോടതി പറഞ്ഞു.
 
ഭർതൃബലാത്സംഗത്തെ ബലാത്സംഗത്തിന്റെ പരിധിയിൽ നിന്ന് നീക്കം ചെയ്യുന്നത് നിയമപരമായ കെട്ടുകഥ മാത്രമാണെന്നേ പറയാനാവൂ. അത്തരമൊരു ഒഴിവാക്കലിൽ കാരണമായി പറയുന്നത് 15 വയസ്സിന് താഴെ പ്രായമുള്ള ഭാര്യയുമായി പുരുഷൻ ലൈം​ഗികബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗമല്ലെന്നാണ്. അത് ഇപ്പോഴും നിലനിൽക്കുമെന്ന് ഇവിടെ അടിവരയിടേണ്ടതുണ്ട്. ഇന്നത്തെ വിധി പ്രകാരം ഒരു ഭർത്താവിനെ വൈവാഹിക ബലാത്സംഗത്തിന് ക്രിമിനൽ പ്രോസിക്യൂട്ട് ചെയ്യാമെന്ന് അർത്ഥമാക്കുന്നില്ല. സെപ്തംബർ 16 ന്  വാദം കേട്ട ഒരു കേസിന്റെ വിഷയം ഇതായിരുന്നു.  അതിന്റെ തുടർവാദം  2023 ഫെബ്രുവരിയിൽ ആണ്. ആ കേസിൽ ഭരണഘടനാപരമായ സാധുത അനുസരിച്ച് ഉചിതമായ നടപടി തീരുമാനിക്കാൻ ഞങ്ങൾ വിടും," കോടതി ഇന്ന് പറഞ്ഞു. ഭര്‍ത്താവിന്റെ ലൈംഗിക ബന്ധത്തെ എതിര്‍ക്കാന്‍ പാടില്ലെന്നും ഇത്തരത്തില്‍ എതിര്‍ക്കുന്നത് കുടുംബ ബന്ധത്തെ തകര്‍ക്കുമെന്നും നിരവധി കീഴ്‌ക്കോടതികള്‍ നേരത്തെ വിധിച്ചിരുന്നു. ഇത്തരം വിധി പ്രസ്താവനകള്‍ കൂടിയാണ് സുപ്രീംകോടതി റദ്ദ് ചെയ്തിരിക്കുന്നത്. 

ഇന്നത്തെ വിധിയോടെ വിവാഹിതർക്കും നിർബന്ധിത ലൈം​ഗികബന്ധത്തിലൂടെയുള്ള ​ഗർഭധാരണമാണ് സംഭവിച്ചതെങ്കിൽ ​ഗർഭഛി​ദ്രത്തിനുള്ള അവകാശം നിലവിൽ വന്നു. വിവാഹിതരും അവിവാഹിതരുമായ സ്ത്രീകള്‍ക്ക് ഗര്‍ഭത്തിന്റെ 24 ആഴ്ച വരെയുള്ള കാലത്ത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രകാരം ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്നാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധി.   ഇതിൽ തരംതിരിവ് പാടില്ലെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്.  ഗര്‍ഭഛിദ്രം സ്വന്തം നിലക്ക് സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല. വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും ഇക്കാര്യത്തില്‍ ഒരേ അവകാശമാണെന്നും കോടതി വിധിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. അനാവശ്യ ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം ഇല്ലാതാക്കാന്‍ ഒരു സ്ത്രീയുടെ വൈവാഹിക നില അടിസ്ഥാനമാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

Read Also: 'അവിവാഹിതരായ സ്ത്രീകള്‍ക്കും നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട്'; സുപ്രധാന വിധിയുമായി സുപ്രീംകോടതി

 

click me!