കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

By Web TeamFirst Published Jun 16, 2020, 6:34 AM IST
Highlights

പഞ്ചാബ് അസ്സം മുഖ്യമന്ത്രിമാർക്ക് പിന്നാലെ മൂന്നാമതായാവും ഇന്ന് പിണറായി വിജയന്‍ സംസാരിക്കുക. പ്രവാസികൾക്കുള്ള കൊവിഡ് സർട്ടിഫിക്കറ്റ് അടക്കം വിഷയങ്ങൾ കേരളം ഉന്നയിക്കും.

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് രണ്ട് ദിവസത്തെ യോഗം തുടങ്ങുന്നത്. ആദ്യദിനം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും സംസാരിക്കാനുള്ള അവസരം നല്‍കും. പഞ്ചാബ് അസ്സം മുഖ്യമന്ത്രിമാർക്ക് പിന്നാലെ മൂന്നാമതായാവും ഇന്ന് പിണറായി വിജയന്‍ സംസാരിക്കുക. പ്രവാസികൾക്കുള്ള കൊവിഡ് സർട്ടിഫിക്കറ്റ് അടക്കം വിഷയങ്ങൾ കേരളം ഉന്നയിക്കും.

നാളെ കൂടുതൽ കൊവിഡ് കേസുകൾ ഉള്ള മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ നിലപാട് നരേന്ദ്ര മോദി കേൾക്കും. ചെന്നൈ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തമിഴ്നാട് ഇന്നലെ തീരുമാനിച്ചിരുന്നു. എന്നാൽ ദേശീയ ലോക്ക്ഡൗൺ തിരിച്ചു കൊണ്ടുവരുന്നത് അജണ്ടയിൽ ഇല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി നാനൂറ്റി ഇരുപത്തി നാലായി. കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ 11,502 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 325 പേർ കൂടി മരിച്ചതോടെ ആകെ മരണം 9520 ആയി. 

രോഗമുക്തി നിരക്കിൽ നേരിയ വ‍ർദ്ധനയുണ്ട്. 51.07 ശതമാനമാണ് രോഗം ഭേദമായവരുടെ നിരക്ക്. ഇതുവരെ അമ്പത്തിയേഴ് ലക്ഷത്തി എഴുപത്തിനാലായിരത്തി ഒരുനൂറ്റി മുപ്പത്തിമൂന്ന് സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ 58.29 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്.

click me!