
മണ്ഡലങ്ങളുടെ പള്‍സറിഞ്ഞ് മോദി, ഷെട്ടര്‍ തെറിച്ചു
കര്‍ണാടകയില്‍ മൂന്ന് ദിവസത്തോളം നീണ്ട ബിജെപിയുടെ സീറ്റ് വിതരണത്തിന് ഒടുവില്‍ തയ്യാറായ സ്ഥാനാര്‍ത്ഥി പട്ടിക കണ്ട പ്രധാനമന്ത്രി മോദിയുടെ പ്രതികരണം ദില്ലിയിലെ നേതാക്കളെ അമ്പരപ്പിക്കുന്നതായിരുന്നു. മൂന്ന് ദിവസം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇതാണോ നിങ്ങള്‍ തയ്യാറാക്കിയ പട്ടിക എന്ന ചോദ്യം ഊതി വീര്‍പ്പിച്ച ബലൂണില്‍ സൂചിമുന കൊണ്ട പോലായിരുന്നു. ദില്ലിയിലാണെങ്കിലും ഓരോ മണ്ഡലങ്ങളിലേയും പള്‍സ് അറിയാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീടുള്ള പ്രധാനമന്ത്രിയുടെ ഇടപെടലുകള്‍. ചൂടേറിയ ചര്‍ച്ചകള്‍ അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍ കൊണ്ട് തണുപ്പിക്കാനും സാധിച്ചു. വിജയ സാധ്യത പാതിയുള്ള നേതാക്കന്മാരടക്കമായിരുന്നു ഈ പട്ടികയിലുണ്ടായിരുന്നത്.
ജഗദീഷ് ഷെട്ടറും ഈശ്വരപ്പയും അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ അടക്കമുള്ളതായിരുന്നു ഈ പട്ടിക. ഇവരെ എങ്ങനെ ഒഴിവാക്കുമെന്ന ആശയക്കുഴപ്പം മൂലമായിരുന്നു ഇത്. സീറ്റ് ചര്‍ച്ചയ്ക്കിടെ നടന്ന സമവായ സൂചന മനസിലാക്കിയ പ്രധാനമന്ത്രി ഇതോടെ അമിത് ഷാ, ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി വിജയ സാധ്യത പാതി മാത്രമുള്ള നേതാക്കളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിന് ശേഷമുള്ള പട്ടികയാണ് കര്‍ണാടകയില്‍ നടപ്പിലാക്കാനായി നല്‍കിയത്. പട്ടിക നടപ്പിലാക്കിയെങ്കിലും ദില്ലിയിലെ നേതാക്കളില്‍ ഷെട്ടര്‍ പാര്‍ട്ടി വിടുന്ന സാഹചര്യം ഒഴിവാക്കണമെന്നുള്ളവരുമുണ്ടായിരുന്നു. ധര്‍മേന്ദ്ര പ്രധാന് പകരമായി അമിത് ഷാ ഷെട്ടറിനെ നിലനിര്‍ത്തിയിരുന്നെങ്കില്‍ വലിയൊരു ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നാണ് ദില്ലിയിലെ ചില നേതാക്കളുടെ വിലയിരുത്തല്‍.
മുഖ്യമന്ത്രിയായും എംഎല്‍എയായും ഷെട്ടര്‍ ഒരു പരാജയമായിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ സീനിയോരിറ്റി മാനിക്കേണ്ടിയിരുന്നതാണെന്നാണ് ദില്ലിയിലെ മിക്ക നേതാക്കളും വിലയിരുത്തുന്നത്. സീറ്റ് നിഷേധത്തിന് പിന്നാലെ ഷെട്ടര്‍ പാര്‍ട്ടി വിട്ടത് അക്ഷരാത്ഥത്തില്‍ ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. എങ്കിലും പ്രധാനമന്ത്രിയുടെ നയം സുള്ള്യ, ഉഡുപ്പി, കാപ്, പുട്ടൂര്‍ അടക്കം മിക്ക നിയമ സഭകളിലേക്കും പുതിയ സ്ഥാനാര്‍ത്ഥികളെ ലഭിക്കാന്‍ കാരണമായി.
എം വി ഗോവിന്ദന്റെ 'അപ്പവും' കെ റെയിലും വന്ദേഭാരതും, ഡിഎംകെക്ക് പാരയായി ധനമന്ത്രിയുടെ വോയിസ് ക്ലിപ്
വരുണയില്‍ അടിയൊഴുക്കുകള്‍ വരും, സോമണ്ണയെ ശിവകുമാറും സഹായിക്കും
വരുണ മണ്ഡലത്തിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനമാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി എം സിദ്ദരാമയ്യ്ക്കെതിരെ വി സോമണ്ണയെ രംഗത്തിറക്കിയത്. ബി എസ് യെദ്യൂരപ്പ ഈ സീറ്റ് നിരസിച്ച ശേഷമായിരുന്നു ഈ നീക്കം. മകന്‍ ബി വൈ വിജയേന്ദ്രയ്ക്ക് ഇവിടെ അവസരം നിഷേധിച്ചതാണ് യെദ്യൂരപ്പയെ ചൊടിപ്പിച്ചത്. ലളിതമായ കണക്കിലെ കളികളുടെ അടിസ്ഥാനത്തിലായിരുന്നു ബിജെപി സോമണ്ണയെ രംഗത്തിറക്കിയ തന്ത്രം പ്രയോഗിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ സിദ്ദരാമ്മയ്യയുടെ നീക്കങ്ങളെ സ്തംഭിക്കുന്നതായിരുന്നു ബിജെപിയുടെ ഈ തന്ത്രം. മൈസൂരു ജില്ലക്കാരനായ സിദ്ദരാമയ്യയ്ക്ക് കര്‍ണാടകയിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ എതിര്‍ പക്ഷത്ത് സോമണ്ണ വന്നതോടെ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രം നേടാന്‍ സോമണ്ണയ്ക്ക് മികച്ച അവസരമാണ് ബിജെപി വിലയിരുത്തുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയാല്‍ മുഖ്യമന്ത്രി പദം മനസില്‍വക്കുന്ന സിദ്ദരാമയുടെ സാധ്യത ഇല്ലാതാക്കാന്‍ ഡി കെ ശിവകുമാര്‍ കൂടി ശ്രമിക്കുന്നതോടെ ശക്തമായ അടിയൊഴുക്കുകള്‍ക്കാവും വരുണ മണ്ഡലം വേദിയാവുക.
വന്ദേഭാരതിന് പച്ചക്കൊടിയുമായി ചിറ്റപ്പന്‍
രാജ്യത്തെ വിമാനക്കമ്പനികളിലൊന്നിനെതിരെ പരസ്യ പോരാട്ടത്തിന് ധൈര്യം കാണിച്ചിട്ടുള്ള ഒരേയൊരു സിപിഎം നേതാവാണ് സഖാവ് ഇ പി ജയരാജന്‍. വിമാനത്തിനുള്ളില്‍ വച്ച് നടന്ന ചില നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ വിമാനകമ്പനി വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇ പി ജയരാജന്‍ ബഹിഷ്കരണത്തിന്‍റെ വാളെടുത്ത് വീശിയത്. എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്ക് മറ്റ് വിമാന കമ്പനികളുടെ സര്‍വ്വീസില്ലെന്ന് തിരിച്ചറിഞ്ഞതോടെ സഖാവ് നിലപാടില്‍ വെള്ളം ചേര്‍ക്കുകയായിരുന്നു. വിലക്ക് പിന്‍വലിക്കാന്‍ ചില കുരുട്ടുവഴികള്‍ നോക്കിയെങ്കിലും ഒന്നും തന്നെ സഖാവിന് തുണയായി വന്നില്ല. ഇങ്ങനൊരു വിഷമ സന്ധിയില്‍ സഖാവ് നില്‍ക്കുമ്പോഴാണ് വന്ദേഭാരത് എത്തുന്നത്. വെറും ആറ് മണിക്കൂറില്‍ കണ്ണൂര്‍ എത്താമെന്നത് സഖാവിനെ സന്തോഷിപ്പിച്ചത് കുറച്ചൊന്നുമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഇ പിയുടെ പ്രതികരണം. വന്ദേഭാരതിനോടുള്ള നിലപാട് സിപിഎം ഇനിയും വ്യക്തമാക്കിയിട്ടില്ലെങ്കിലും ബിജെപി നേതാക്കളെ അടക്കം അമ്പരപ്പിച്ചാണ് ഇപി വന്ദേഭാരതിന്‍റെ ലോക്കോ പൈലറ്റിന് അഭിനന്ദവുമായി എത്തിയത്. കൂടുതല്‍ ട്രെയിനുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപിയുള്ളതെന്നാണ് ഇപിയോട് അടുത്ത വൃത്തങ്ങള്‍ വിശദമാക്കുന്നത്. വിമാനക്കമ്പനിയെ തോല്‍പിക്കാന്‍ വന്ദേഭാരതിന് പച്ചക്കൊടിയാണ് സഖാവ് ആഞ്ഞ് വീശുന്നത്.
എന്ന് സ്വന്തം ഇന്നസെന്റ്, മമതയുടെ ഹോം ഗ്രൗണ്ട് കളികൾ, ബിജെപിക്ക് എരുവുള്ള തെലങ്കാന അച്ചാര്‍
അണികള്‍ ഇടഞ്ഞു ഇടയന്മാര്‍ മുങ്ങി
12 ശതമാനം സംവരണം ആവശ്യപ്പെട്ട് ഭരത്പൂര്‍ ജില്ലയില്‍ നടന്ന് വന്നിരുന്ന സമരം അനാഥമായി മാറിയിരിക്കുകയാണ്. മാലി, മൌര്യ, കുശ്വ അടക്കം ആറ് വിഭാഗങ്ങളാണ് ജയ്പൂര്‍ ആഗ്ര ദേശീയപാത ഉപരോധിച്ച് സമരം ചെയ്ത് വന്നിരുന്നത്. എന്നാല്‍ രാത്രിക്ക് രാത്രിയാണ് സമരനേതാക്കള്‍ അണികലെ വിട്ട് മുങ്ങിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വന്ന ധാരണകള്‍ നേതാക്കള്‍ അണികളോട് വിശദമാക്കിയിരുന്നു. എന്നാല്‍ നേതാക്കളുടെ വാക്കാലുള്ള ഉറപ്പ് അണികള്‍ വിലക്കെടുക്കാതെ സമരം തുടരുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി ശക്തമായ നടപടി സമരം നിര്‍ത്തിയില്ലെങ്കില്‍ ഉണ്ടാവുമെന്ന് ചൂരലെടുത്തതോടെയാണ് നേതാക്കള്‍ രായ്ക്ക് രാമാനം മുങ്ങിയത്. അണികളില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും രക്ഷപ്പെടാന്‍ നേതാക്കള്‍ കണ്ടുപടിച്ച എളുപ്പ വഴിയായിരുന്നു ഈ മുങ്ങല്‍.
നേതാക്കളെ വലയ്ക്കുന്ന പ്രേതഭവനം
ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ മന്ത്രിമാരിലൊരാളുടെ ഔദ്യോഗിക വസതിക്ക് പ്രേതബാധയെന്ന് പരാതി. വളരെ ധൈര്യത്തോടെ വസതി ഏറ്റെടുത്ത മന്ത്രിയും രാഷ്ട്രീയ ഗ്രാഫിലുണ്ടായ ഇടിവിന് പിന്നാലെ ഭാര്യയ്ക്ക് സീറ്റ് നിഷേധം കൂടി വന്നതോടെ പ്രേത ബാധയുണ്ടെന്ന് വിശ്വസിക്കുന്ന അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്. മുന്‍നിര നേതാക്കളില്‍ നിന്ന് മാറ്റിയതും പ്രമുഖനെ അറിയിച്ചില്ലെന്നാണ് ആരോപണം. ജയിച്ചാല്‍ ഭാര്യ പ്രയാഗ് രാജ് മേയറാവുമെന്ന കണക്കുകൂട്ടലില്‍ ഇരുന്ന നേതാവ് ഒടുവില്‍ തിരിച്ചടികള്‍ക്ക് പ്രേതബാധയെ പഴിചാരുകയാണെന്നാണ് കേട്ടുകേള്‍വി. ഇതിന് മുന്‍പും ഇവിടെ താമസിച്ച പലര്‍ക്കും സമാന്തര അനുഭവങ്ങളുണ്ടെന്ന് പ്രചാരണം ശക്തമായതോടെ ദൌര്‍ഭാഗ്യത്തിന് പ്രേതത്തെ പഴിച്ച് സമാധാനം തേടുകയാണ് ഈ നേതാവ്