രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്.

നൈറ്റ് അലവൻസ്

'എച്ച്ആര്‍' എന്ന പ്രയോഗം വലിയ കമ്പനികളുടെ പുസ്തകങ്ങളിൽ മാത്രമല്ല, ഇപ്പോൾ രാഷ്ട്രീയ നിഘണ്ടുവിലും പരിചിതമാണ്. രാഷ്ട്രീയക്കാര്‍ തങ്ങളുടെ ജനപ്രീതിയുടെ അംഗീകാരമായി കാണുന്നത് തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിലെ വലിയ ജനക്കൂട്ടങ്ങളാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിലാണ് ജനക്കൂട്ടത്തെ വച്ചുള്ള പുതിയ കളി നടക്കുന്നത്. എല്ലാ പാര്‍ട്ടികളും റാലികളിലെത്താൻ അണികൾക്ക് അലവൻസ് നൽകുന്ന കാര്യം രഹസ്യമല്ല. പക്ഷെ ബെൽഗാം ജില്ലയിൽ ഒരു റാലി നൽകിയ പാഠത്തിന്റെ ഞെട്ടലിലാണ് സംഘാടകര്‍. 

കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് മിക്ക മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും അവരുടെ തെരഞ്ഞെടുപ്പ് പര്യടനങ്ങൾ നടത്തുന്നത്. ഏതെങ്കിലും പരിപാടി ഇത്തിരി ഒന്ന് വൈകിയാൽ അടുത്ത പരിപാടികളും വൈകും. ഇത്തരത്തിൽ ഉച്ച കഴിഞ്ഞ് വേദിയിലെത്തേണ്ട നേതാക്കൾ വൈകുന്നേരമായിട്ടും എത്താതായതോടെയാണ് ബെൽഗാമിലെ പരിപാടിയുടെ പദ്ധതികളെല്ലാം തകിടം മറിഞ്ഞു. വൈകുന്നേരം ആയതോടെ റാലിക്കെത്തിയ ജനക്കൂട്ടം പതിയെ കളമൊഴിഞ്ഞു.

ആൾക്കൂട്ടം കുറഞ്ഞതിന്റെ രസകരമായ കാര്യം മറ്റൊന്നാണ്. പകൽ സമയത്ത് പരിപാടിയി പങ്കെടുക്കാനുള്ള അലവൻസ് മാത്രമായിരുന്നു അവര്‍ക്ക് കിട്ടിയത്. സന്ധ്യക്കപ്പുറം നിൽക്കണമെങ്കിൽ അധിക പണമായി നൈറ്റ് അലവൻസ് അനിവാര്യമാണ്. ഇതോടെ ജനക്കൂട്ടത്തെ പിടിച്ചുനിർത്തുന്നതിൽ പ്രാദേശിക നേതാക്കൾ പരാജയപ്പെട്ടു. പിന്നാലെ എത്തിയ സംസ്ഥാന നേതാക്കളെ വരവേറ്റത് ഒഴിഞ്ഞ കസേരകളും. ഈ റാലിയിലെ പാഠത്തോടെ, ഭാവി റാലികൾക്കെത്തുന്നവര്‍ക്ക് നൈറ്റ് അലവൻസ് നൽകാൻ അടിയന്തര തീരുമാനമെടുത്തു എന്നാണ് വിവരം. ജനാധിപത്യം നീണാൾ വാഴട്ടെ.

വയ - നാട്

അയോഗ്യനാക്കപ്പെട്ട മുൻ എംപി രാഹുൽ ഗാന്ധിയുടെ കേരളത്തിലെ ലോക്സഭാ മണ്ഡലമായ വയനാടിടനെ വൈകാതെ (Via-Nad) വയ-നാട് എന്ന് പേരുമാറ്റുമെന്ന് കരുതുന്നു. രാഹുൽ അയോഗ്യനാക്കപ്പെട്ട ശിക്ഷാ വിധിയുടെ നിയമപ്രശ്നങ്ങൾ കേരളത്തിലെ കോൺഗ്രസ് പ്രവ‍ര്‍ത്തകര്‍ അറിയും മുമ്പ് തന്നെ, ഉപതെരഞ്ഞെടുപ്പുണ്ടായാൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധിയെത്തുമെന്ന ചര്‍ച്ചകൾ സജീവമാവുകയാണ്.

കാലങ്ങളായി പരാജയം കാണാതിരുന്ന അമേഠിയിലെ 'കുടുംബ' സീറ്റിൽ പരാജയം ഉറപ്പായതോടെയാണ് രാഹുൽ വയനാട്ടിൽ മത്സരത്തിനിരറങ്ങിയത്. അന്നു തന്നെ ടി സിദ്ടീഖിന് സീറ്റ് നഷ്ടപ്പെട്ടതിൽ പരിഭവമുണ്ടായിരുന്നു. ( നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകി വിജയിപ്പിച്ചായിരുന്നു ഇതിന് പരിഹാരമായത്). പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരുകൾക്ക് വലിയ ശമനമുണ്ടാക്കാൻ രാഹുൽ ഗാന്ധിയുടെ വരവിന് സാധിക്കുകയും ചെയ്തിരുന്നു. ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചാൽ, വയനാട്ടിൽ വിജയിച്ച് ലോക്സഭയിലേക്ക് എത്തുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കിലും 'കുടുംബ'ത്തിന് ഒരു സുരക്ഷിത സീറ്റായി 'വയ-നാട്' മാറും. ഇതോടെ കേരളത്തിൽ കോൺഗ്രസ് നേതാക്കൾക്ക് മത്സരിക്കാൻ 19 -സീറ്റുകൾ മാത്രം ബാക്കിയാകും. എന്തായാലും 'വയനാട് വഴിയായി" പാര്‍ലമെന്റ് പ്രവേശനം എളുപ്പമാകുന്നുവെന്ന് ചുരുക്കം. 

മാലിന്യ സൂക്ഷിപ്പുകാര്‍

വൃത്തികെട്ട ലാഭക്കൊതി, അക്ഷരാര്‍ത്ഥത്തിൽ കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളെ ഒക്കച്ചങ്ങാതിമാരാക്കിയെന്ന് തോന്നുന്നു. ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള ഇടപാടിൽ മുതിർന്ന ഇടതുപക്ഷ നേതാവിന്റെ ബന്ധുവിന്റെ പങ്ക് ഒളിഞ്ഞും തെളിഞ്ഞും ആരോപണമായി എത്തുന്നുണ്ട്. സിപിഐ നേതാവിന്റെ മരുമകൻ നേടിയ പ്രധാന കരാർ കോൺഗ്രസ് നേതാവിന്റെ മരുമകന് ഉപകരാർ നൽകിയത് പ്രമുഖനായ മറ്റൊരു മരുമകന്റെ ആശീർവാദത്തോടെ എന്ന രീതിയിലാണ് ചര്‍ച്ചകൾ. മാലിന്യ ഇടപാടിൽ മരുമക്കളുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. മാലിന്യ കൂമ്പാരിത്തിൽ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതു പോലെയാണ് സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും കഥകൾ ദിനംപ്രതി പുറത്തുവരുന്നത്. മലിനമായ ചിന്തകളുടെ ഉടമ എന്നും മലിനമായി തുടരുമെന്ന് പറയുന്നതുപോലെയാണ് ഇത്തരം രാഷ്ട്രീയക്കാരുടെ കാര്യവും.

അഖിലേഷിന്റെ 'നയാ' പ്ലാൻ

രാമചരിതമാനസത്തെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ പ്രമുഖ നേതാവിനെതിരെ അഖിലേഷ് യാദവ് ഉടൻ നടപടിയെടുക്കുമെന്ന് യുപിയിലെ രാഷ്ട്രീയ നിരീക്ഷകരിൽ പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, നേതാജിയെ എതിർത്ത ചിലർക്കെതിരെ മാത്രം നടപടിയെടുത്തു. ഇത് നേതാക്കളെയും പ്രവർത്തകരെയും അമ്പരപ്പിച്ചു. എന്നാൽ സംഭവത്തിലെ മൗനം പിന്നാക്ക സമുദായങ്ങളുടെ വോട്ട് പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രമായിരുന്നു എന്നുവേണം വിലയിരുത്താൻ. ഹിന്ദു-മുസ്‌ലിം വോട്ടുബാങ്കുകളെ അമിതമായി ആശ്രയിക്കുന്നത് പാർട്ടിക്ക് ഇതിനകം തന്നെ നഷ്ടമുണ്ടായതിനാൽ കൂടുതൽ വോട്ടുകൾ നേടാനുള്ള പ്ലാനിന്റെ ഭാഗമായി നേതാജിയെ സ്വതന്ത്രനാക്കാൻ അഖിലേഷ് തീരുമാനിച്ചെന്നാണ് വിലയിരുത്തിൽ. എന്തായാലും പുതിയ തന്ത്രം പാർട്ടിയെ മുന്നോട്ടാണോ പിന്നോട്ടാണോ നയിക്കുക എന്ന ചോദ്യത്തിന് 'കാലം' തന്നെ ഉത്തരം കണ്ടെത്തണം.

താമരയും പച്ചിലയും

തമിഴ്‌നാട്ടിൽ, സ്റ്റാലിൻ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നതിൽ മുൻ നിരയിൽ എത്തേണ്ടത് പ്രധാന പ്രതിപക്ഷമായ രണ്ടില ചിഹ്നമുള്ള പാര്‍ട്ടിയാണ്. പക്ഷെ, കാര്യങ്ങൾ മറിച്ചാണെന്നാണ് വിലയിരുത്തൽ. പ്രതിഷേധങ്ങളിൽ ബിജെപി മേൽക്കൈ എടുക്കുന്നതിനാൽ താമരയുടെ ഇലപ്പച്ചയായി വളരുകയാണ് പ്രതിപക്ഷ പാര്‍ട്ടിയെന്നാണ് അടക്കം പറച്ചിലുകൾ. 2026 -ൽ തങ്ങൾ സംസ്ഥാനം ഭരിക്കുമെന്ന് ബിജെപിയുടെ ഉന്നത നേതാക്കൾ അവകാശപ്പെടുക കൂടി ചെയ്യുന്നതോടെ രണ്ടില പാർട്ടിയിൽ കൂടുതൽ അസ്വാരസ്യങ്ങളുണ്ട്. ഈ ആശങ്ക അവരുടെ എക്‌സിക്യൂട്ടീവ് യോഗത്തിൽ ചർച്ചയാവുകയും ചെയ്തു.

ഇതിനെ പ്രതിരോധിക്കാൻ ബിജെപിയുടെ ചില മുതിര്‍ന്ന നേതാക്കൾ രംഗത്തെത്തിയതോടെ ഇരുപാര്‍ട്ടികളും തമ്മിൽ അടി തുടങ്ങി. ഇതിനിടെ സഖ്യം തന്നെ തകര്‍ക്കുമെന്ന ബിജെപി നേതാവിന്റെ ഭീഷണിയെത്തി. പക്ഷെ, അദ്ദേഹത്തിന്റെ പാര്‍ട്ടി സഹപ്രവ‍ര്‍ത്തകര്‍ തന്നെ ഇത് തള്ളുകയും, വിവേക പൂര്‍വ്വം പ്രവ‍ര്‍ത്തിക്കാൻ ഉപദേശിക്കുകയും ചെയ്തു. കേന്ദ്ര നേതൃത്വവും ഇത് ആവര്‍ത്തിക്കുകയാണ് ഉണ്ടായത്. പരിഹാരത്തിനായി ദില്ലിയിലേക്ക് കുതിച്ച ഈ മുതിര്‍ന്ന നേതാവിനോട് വിഡ്ഢിയാകരുതെന്ന് ഉപദേശിക്കുക കൂടി ചെയ്തു കേന്ദ്രം എന്നാണ് വിവരം. എന്തായാലും തന്റെ വാക്കുകൾ ആരും മുഖവിലക്കെടുത്തില്ലെന്ന് അറിഞ്ഞതോടെ നേതാവിന് വെള്ളക്കൊടി വീശേണ്ടി വന്നു.

ഹാസ്സൻ മണ്ഡലത്തിലെ വെല്ലുവിളി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രീതം ഗൗഡ വിജയിച്ചതോടെയാണ് ഹാസ്സൻ മണ്ഡലം ജെഡിഎസ് ക്യാമ്പിൽ ചര്‍ച്ചയായി മാറിയത്. സീറ്റ് തിരിച്ചുപിടിക്കാനുള്ള ആഹ്രം ജെഡിഎസിനുണ്ടെങ്കിലും ശരിയായ സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ പാർട്ടി പാടുപെടുകയാണ്. നാല് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച, അന്തരിച്ച എംഎൽഎ എച്ച്എസ് പ്രകാശിന്റെ മകനും പ്രാദേശിക നേതാവുമായ സ്വരൂപ് പ്രകാശിന് ടിക്കറ്റ് നൽകുമെന്നാണ് സ്ഥിരീകരിക്കാത്ത പ്രചാരണം.

ജെഡിഎസ് അധ്യക്ഷൻ എച്ച്‌ഡി കുമാരസ്വാമിയുടെ പിന്തുണയാണ് സ്വരൂപിനുള്ളത്. എന്നാൽ, എച്ച്‌ഡി ദേവഗൗഡയുടെ മൂത്ത മകൻ എച്ച്‌ഡി രേവണ്ണ തന്റെ ഭാര്യ ഭവാനിയെ മത്സരിപ്പിക്കണമെന്ന നിലപാടിലാണെന്നാണ് വിവരം. എന്തായാലും പന്ത് ഇപ്പോൾ ദേവഗൗഡയുടെ കോർട്ടിലാണ്, ആർക്കാണ് അവസരം ലഭിക്കുകയെന്നത് അറിയാൻ ദേവഗൗഡയുടെ മനസറിയണമെന്ന് ചുരുക്കം.

മരുമകൾ ഭവാനിയേക്കാൾ ദേവഗൗഡ സ്വരൂപിന് അനുകൂലമാണെന്ന് ദേവഗൗഡയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. അതിനു പിന്നിൽ ഒരു കാരണവുമുണ്ട്. 1991ൽ അദ്ദേഹത്തെ പാർലമെന്റിലേക്ക് തെരഞ്ഞെടുത്തത് ഹാസ്സൻ മണ്ഡലമാണ്. സ്വരൂപിനേക്കാൾ മരുമകൾക്ക് മുൻഗണന നൽകുന്നത് ചീത്തപ്പേരുണ്ടാക്കുമെന്നാണ് ദേവഗൗഡ കരുതുന്നത്. അങ്ങനെ വന്നാൽ, അടുത്ത കളിയുടെ തിരശ്ശീല ഉയരുന്നത് ദേവഗൗഡയുടെ സ്വീകരണമുറിയിലായിരിക്കും എന്നുറപ്പ്.