തെലങ്കാന മുഖ്യമന്ത്രിയുടെ 'അന്ധവിശ്വാസത്തെ' പരിഹസിച്ച് നരേന്ദ്രമോദി

Published : Nov 12, 2022, 04:00 PM IST
തെലങ്കാന മുഖ്യമന്ത്രിയുടെ 'അന്ധവിശ്വാസത്തെ' പരിഹസിച്ച് നരേന്ദ്രമോദി

Synopsis

മോദിയെ അധിക്ഷേപിച്ചോളൂ,  ബിജെപിയെ അധിക്ഷേപിക്കൂ. എന്നാൽ തെലങ്കാനയിലെ ജനങ്ങളെ അധിക്ഷേപിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്നും മോദി തെലങ്കാന ഭരണകക്ഷിക്ക് മുന്നറിയിപ്പ് നല്‍കി.   

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന മുഖ്യമന്ത്രി കെസിആറിന്‍റെ പേര് നേരിട്ട് പരാമര്‍ശിക്കാതെയാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.  അഴിമതിയും കുടുംബ രാഷ്ട്രീയവുമാണ് തെലങ്കാനയില്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു. തെലങ്കാനയ്ക്ക് വേണ്ടത് "ജനങ്ങള്‍ ആദ്യം, കുടുംബമല്ല" എന്ന് പറയുന്ന സർക്കാരാണ്, മോദി പറഞ്ഞു.

ഇത്രയും പണിയെടുത്തിട്ടും തളരുന്നില്ലെ എന്ന് പലരും എന്നോട് ചോദിക്കാറുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. "എനിക്ക് തളർച്ചയില്ല, കാരണം എല്ലാ ദിവസവും ഞാൻ 2-3 കിലോ 'അധിക്ഷേപങ്ങൾ' കഴിക്കുന്നു . അവയെല്ലാം എന്‍റെ ഉള്ളിൽ പോഷകാഹാരമായി മാറുന്ന തരത്തിൽ ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു- പ്രധാനമന്ത്രി മോദി പറഞ്ഞു.

മോദിയെ അധിക്ഷേപിച്ചോളൂ,  ബിജെപിയെ അധിക്ഷേപിക്കൂ. എന്നാൽ തെലങ്കാനയിലെ ജനങ്ങളെ അധിക്ഷേപിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്നും മോദി തെലങ്കാന ഭരണകക്ഷിക്ക് മുന്നറിയിപ്പ് നല്‍കി. 

"തെലങ്കാനയിലെ പ്രവർത്തകരോട് എനിക്ക് വ്യക്തിപരമായി ഒരു അഭ്യർത്ഥനയുണ്ട്. നിരാശയും ഭയവും അന്ധവിശ്വാസവും കാരണം ചില ആളുകൾ മോദിക്ക് നേരെ അധിക്ഷേപങ്ങൾ ഉപയോഗിക്കും. ഈ തന്ത്രങ്ങളിൽ വഴിതെറ്റരുതെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. " -മോദി തെലങ്കാനയിലെ ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. 

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികൾ സംസ്ഥാന സർക്കാർ ബോധപൂർവം തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചു. അതേ സമയം തെലങ്കാന മുഖ്യമന്ത്രി ജ്യോത്സ്യത്തിന്‍റെയും മറ്റും ഉപദേശത്തിന് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന 'അന്ധവിശ്വാസ' ആരോപണത്തിലും പ്രധാനമന്ത്രി മോദി പ്രതികരിച്ചു.  

കെസിആറിന്‍റെ അന്ധവിശ്വാസങ്ങള്‍ സാമൂഹിക നീതിക്ക് ഏറ്റവും വലിയ തടസ്സമാണെന്നും മോദി കൂട്ടിച്ചേർത്തു. "തെലങ്കാന ഐടിയുടെ കേന്ദ്രമാണ്. എന്നാൽ ഈ ആധുനിക സമൂഹത്തില്‍ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കപ്പെടുന്നു, അത് അത്യന്തം ദുഃഖകരമാണ്. തെലങ്കാനയെ വികസിക്കണമെങ്കിൽ, പിന്നോക്കാവസ്ഥയിൽ നിന്ന് ഉയർത്തണമെങ്കിൽ, ആദ്യം നമ്മൾ ഇവിടെ നിന്ന് അന്ധവിശ്വാസം നീക്കം ചെയ്യണം" - കെസിആറിനെ പരോക്ഷമായി മോദി വിമര്‍ശിച്ചു. 

അതേ സമയം  പ്രധാനമന്ത്രിയുടെ തെലങ്കാന സന്ദർശനത്തിനിടെ ടിആർഎസ് പ്രതിഷേധവുമായി രംഗത്തുണ്ട്. മോദിയെ സ്വീകരിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വിട്ടുനിന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് പകരം മന്ത്രി ടി ശ്രീനിവാസ റെഡ്ഡിയെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ നടപടിയിൽ ബിജെപി ഇതിനോടകം കടുത്ത അതൃപ്തി രേഖപ്പെടുത്തി. കെസിആർ ഏകാധിപതി ചമയുകയാണെന്ന് ബിജെപി ആരോപിച്ചു. രാജ്യത്തിന്റെ രീതിക്കനുസരിച്ചുള്ള പെരുമാറ്റമല്ല മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് എന്നും ബിജെപി പ്രതികരിച്ചു. 

ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം; ഇന്ത്യ കൈവരിച്ച നേട്ടത്തെ ലോകം അഭിനന്ദിക്കുന്നെന്ന് പ്രധാനമന്ത്രി

'മോദി ഗോ ബാക്ക്' തെലങ്കാനയിലും; പോസ്റ്ററുകൾ പതിച്ച് ടിആർഎസ്, പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്താതെ കെസിആർ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്