
ദില്ലി: പാർലമെൻറ് സമ്മേളനത്തില്‍ ഏറെ പ്രധാനപ്പെട്ട നിരവധി തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്യും. കൊവിഡ് കാലത്തെ നിയന്ത്രങ്ങൾ പാലിച്ചേ മതിയാകുവെന്നും മരുന്ന് കണ്ടെത്തുന്നത് വരെ ഈ പ്രതിസന്ധി തുടരുമെന്നും മോദി പറഞ്ഞു. അതിർത്തിയിൽ രാജ്യത്തിന് വേണ്ടി പൊരുതുന്ന ധീരസൈനികർക്ക് പിന്നിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പാർലമെൻറ് സമ്മേളനം നടക്കുക. ഇത് പ്രകാരം നാല് മണിക്കൂർ വീതമായിരിക്കും ഇരുസഭകളും പ്രവർത്തിക്കുക. രാവിലെ ഒമ്പത് മണിക്ക് ലോക്സഭയും ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് രാജ്യസഭയും ചേരും. നാളെ മുതൽ രാവിലെ രാജ്യസഭയും ഉച്ചതിരിഞ്ഞ് ലോക്സഭയും ചേരും. പ്രണബ് മുഖർജിക്ക് ഇരുസഭകളും ഇന്ന് ആദരാഞ്ജലി അർപ്പിക്കും.
സീതാറാം യെച്ചൂരി ഉൾപ്പടെയുള്ളവരുടെ പേര് ദില്ലികലാപത്തിന്‍റെ കുറ്റപത്രത്തിൽ പരാമർശിക്കുന്ന വിഷയത്തിൽ ബിനോയ് വിശ്വം, കെ.കെ.രാഗേഷ്, എ.എം.ആരിഫ് തുടങ്ങിയവർ നോട്ടീസ് നല്കിയിട്ടുണ്ട്. അതിർത്തി തർക്കത്തിൽ കോൺഗ്രസും അടിയന്തരപ്രമേയ നോട്ടീസ് നൽകി. അവശ്യ സാധന നിയമ ഭേദഗതി ബില്ലും മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറച്ച ഓർഡിനൻസിന് പകരമുള്ള ബില്ലും ഇന്നത്തെ അജണ്ടയിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam