ദില്ലി: ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുൾപ്പെടെ 10,000 ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോർട്ട്. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, കേന്ദ്രമന്ത്രിമാര്‍, ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മാധ്യമപ്രവർത്തകര്‍, വ്യവസായികൾ എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ഉൾപ്പടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.

ചൈനീസ് സർക്കാരുമായി അടുപ്പമുള്ള കമ്പനിയാണ് പ്രധാനമായും സാമൂഹിക മാധ്യമങ്ങള്‍ വഴി ഇവരെ നിരീക്ഷിക്കുന്നതെന്നതാണ് ഒരു ദേശീയ മാധ്യമത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. ചൈനീസ് സര്‍ക്കാരും രഹസ്യാന്വേഷണ ഏജൻസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. ഈ കമ്പനികളുടെ ബിഗ്ഡേറ്റ പരിശോധിച്ചതിലൂടെയാണ് ഇന്ത്യൻ നിരീക്ഷണം പുറത്ത് വന്നത്. 

കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മുഖ്യമന്ത്രിമാരായ മമതാബാന‍ര്‍ജി, ഉദ്ദവ് താക്കറെ, അശോക് ഗെഹ്ലോട്ട്, നവീൻ പട്ട്നായിക്, അമരീന്ദര്‍ സിംഗ്, കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ്, നിര്‍മ്മല സീതാരാമൻ, സ്മൃതി ഇറാനി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മറ്റ് ജസ്റ്റിസുമാര്‍, രത്തൻ ടാറ്റയടക്കമുള്ള ചില വ്യവസായികളടക്കം പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ ഇ-മെയിലുകളിലേക്ക് നുഴഞ്ഞ് കയറിയാണോ നീരീക്ഷണം എന്നതിൽ വ്യക്തതയില്ല. 

അതിര്‍ത്തി തര്‍ക്കവും സംഘര്‍ഷ സാധ്യതയും നിലനിൽക്കെ പ്രധാനമന്ത്രി, സംയുക്ത സൈനിക മേധാവി, രാഷ്ട്രപതി എന്നിവരടക്കം നിരീക്ഷണത്തിലെന്നത് വലിയ പ്രാധാന്യമുള്ളതാണ്. സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമയത്ത് രാജ്യസുരക്ഷയിലെ കൈകടത്തൽ സംബന്ധിച്ചുള്ള വാര്‍ത്തകൾ വരുമ്പോഴും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിൽ വിഷയം ചര്‍ച്ചയായേക്കും. ഇന്ത്യ- ചൈന അ‍തി‍ത്തി ത‍ര്‍ക്കം ഇതുവരേയും പരിഹരിക്കാൻ സാധിച്ചിട്ടില്ല. അതിര്‍ത്തിയിൽ ഇരുരാജ്യങ്ങളും സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. സേനപിൻമാറ്റത്തിനുള്ള അഞ്ചിന സംയുക്തപ്രസ്താവനയ്ക്ക് ശേഷവും അതിർത്തിയിലെ സാഹചര്യത്തിൽ മാറ്റമില്ല.