'രാജ്യത്തിന്റെ വികസനം തടയാനുള്ള ശ്രമം', പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി

By Web TeamFirst Published Aug 5, 2021, 2:37 PM IST
Highlights

രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ ചിലർ പാർലമെന്റ് തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ദില്ലി: പ്രതിപക്ഷത്തിന്റെ പാർലമെന്റിലെ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഒളിമ്പിക്സിലടക്കം വലിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ ചിലർ പാർലമെന്റ് തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ വികസനം തടയാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടമാണ് നടത്തുന്നത്. കർഷകരെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. പാർലമെന്റ് തടസ്സപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. ഒളിമ്പിക്സ് മെഡൽ ജേതാക്കളെയും നരേന്ദ്ര മോദി  അഭിനന്ദിച്ചു. 

പെഗാസസ് ഫോൺ ചോർത്തലിൽ വലിയ ബഹളത്തിനാണ് ലോക്സഭയും രാജ്യസഭയും ഇന്നും സാക്ഷ്യം വഹിച്ചത്. ഇന്നലെ ആറു തൃണമൂൽ കോൺഗ്രസ് അംഗങ്ങളെ ഒരു ദിവസത്തേക്ക് മാറ്റി നിറുത്തിയിരുന്നു. ഇതിൽ ഒരു എംപി ഉത്തരവ് ലംഘിച്ച് സഭയിലക്ക് തളളിക്കയറാൻ ശ്രമിച്ചെന്ന് ഉപാദ്ധ്യക്ഷൻ ഹരിവംശ് സഭയെ അറിയിച്ചു. ഉന്തിലും തള്ളിലും വാതിൽ ചില്ലുകൾ തകർന്ന് ഇന്നലെ ഒരു സുരക്ഷ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. തൃണമൂൽ കോൺഗ്രസ് എംപിക്കെതിരെ ഉദ്യോഗസ്ഥ പരാതി നൽകി. നടപടി സ്വീകരിച്ച് എംപിമാരെ ഭയപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് തിരിച്ചടിച്ചു. സുരക്ഷ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റത്. ഉദ്യോഗസ്ഥയുടെ പരാതിയിൽ ഭരണപക്ഷം നടപടി ആവശ്യപ്പെട്ടു. 

click me!