
ദില്ലി: കർണാടകത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ കർണാടക സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മോദി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
"കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ കർണാടക സർക്കാരുമായി ചേർന്ന് പ്രവർത്തിക്കും"- പ്രധാനമന്ത്രി കുറിച്ചു.
ബെംഗളൂരുവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് സംസ്ഥാനത്തിൻ്റെ 24-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭരണഘടനയുടെ ചെറു പകർപ്പ് കൈയിൽ പിടിച്ചാണ് ശിവകുമാർ സത്യവാചകം ചൊല്ലിയത്. 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വര കർണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ, മലയാളികളായ യു ടി ഖാദർ, കെ ജെ ജോർജ് എന്നിവരും മന്ത്രിസഭയിൽ ഉൾപ്പെടുന്നു. സിദ്ധരാമയ്യ ചടങ്ങിൽ പങ്കെടുത്തു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരള മുഖ്യമന്ത്രി വി ഡി സതീശൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ദേശീയഗീതമായ വന്ദേമാതരവും ദേശീയഗാനവും കർണാടകത്തിൻ്റെ സംസ്ഥാന ഗീതവും ചടങ്ങിൽ ആലപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam