
ദില്ലി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിലേക്ക് തിരിച്ചു. ഇന്ത്യൻ സമയം നാല് മണിക്ക് പാരീസിലെത്തുന്ന നരേന്ദ്ര മോദി ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായി ചർച്ച നടത്തും. ബാസ്റ്റീൽ ദിനാഘോഷം എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലും പരേഡിലും നാളെ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോണുമായി പ്രധാനമന്ത്രി ചർച്ച നടത്തും. പ്രധാനമന്ത്രിക്ക് മക്രോൺ, കൊട്ടാരത്തിൽ പ്രത്യേക വിരുന്ന് ഒരുക്കും. പ്രശസ്തമായ ലൂവ് മ്യൂസിയത്തിൽ ഔദ്യോഗിക വിരുന്നും പ്രധാനമന്ത്രിക്കായി സംഘടിപ്പിക്കും. ഫ്രാൻസിൽ നിന്ന് നാവികസേനയ്ക്കായി 26 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിടും. റഫാലിൻ്റെ നിർമ്മാതാക്കളായ ഡാസോ ഏവിയേഷൻ അനിൽ അംബാനിയുടെ റിലയൻസുമായുള്ള സംയുക്തസംരംഭത്തിൽ നിന്ന് പിൻമാറും എന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു.
Also Read: ശമ്പളമില്ല, കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ
ശനിയാഴ്ച യുഎഇ സന്ദർശനം കൂടി നടത്തിയാകും പ്രധാനമന്ത്രിയുടെ മടക്കം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫ്രാൻസിൽ നിന്ന് തിരിച്ച് വരും വഴിയാണ് മോദി യുഎഇയിലിറങ്ങുക. 2014 ൽ അധികാരമേറ്റതിന് ശേഷം മോദിയുടെ അഞ്ചാമത്തെ ഗൾഫ് സന്ദർശനമാണിത്. കഴിഞ്ഞ വർഷം ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ തുടർന്ന് ഉഭയകക്ഷി വ്യാപാരം ശക്തിപ്രാപിച്ചു വരുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദർശനം. ഊർജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലേക്കും പങ്കാളിത്തം വ്യാപിക്കാനുള്ള സാധ്യതകളും ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam