രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു, ശത്രുക്കൾക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് മോദി; ദസ്റ സന്ദേശത്തിനിടെ പ്രധാനമന്ത്രി

Published : Oct 20, 2026, 07:53 PM IST
Narendra Modi

Synopsis

ദില്ലിയിൽ ദസ്റ ആഘോഷ പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അതിനെതിരെ ഒരുമിച്ച് പോരാടണമെന്നും പരിപാടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

ദില്ലി: രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അതിനെതിരെ ഒരുമിച്ച് പോരാടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻ്റെ ശത്രുക്കളെ പരാജയപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. സിജെപി അടക്കം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധമുണ്ടായതിനിടെ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ദില്ലി ഐപി എക്സ്റ്റൻഷനിലെ ഡിഡിഎ ഉത്സവ് ഗ്രൗണ്ടിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. ആഘോഷങ്ങളുടെ ഭാഗമായ രാവണരൂപം കത്തിക്കുന്ന ചടങ്ങിലും മോദി പങ്കുചേർന്നു.

"നമ്മുടെ ചിന്തകൾ ഒന്നായിരിക്കണം. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും രാജ്യതാൽപ്പര്യത്തിനായി ഒന്നിച്ചുനിൽക്കണം. രാജ്യത്തിന്റെ ശത്രുക്കൾക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടണം"- പ്രധാനമന്ത്രി പറഞ്ഞു. ദസ്റ എന്നത് തിന്മയുടെ മേൽ നന്മ നേടിയ വിജയമാണെന്നും പൊതു നന്മയ്ക്കാണ് നമ്മുടെ പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീരാമന്റെ ആശയങ്ങളാണ് ഇന്നും രാജ്യത്തിന് വഴികാട്ടുന്നതെന്നും നീതി, സമത്വം, ജനക്ഷേമം എന്നിവയിലൂന്നിയ മികച്ച ഭരണത്തിന്റെ മാതൃകയാണ് രാമരാജ്യം എന്നും മോദി പറഞ്ഞു.

"ഇന്നും മികച്ച ഭരണത്തിന്റെ മാതൃകയായി കണക്കാക്കുന്നത് രാമരാജ്യത്തെയാണ്. ആരോടും വിവേചനമില്ലാത്ത, എല്ലാവർക്കും നീതിയും തുല്യ അവസരങ്ങളും ലഭിക്കുന്ന ഭരണമാണത്. അധികാരം എന്നത് ഭരിക്കാനുള്ളതല്ല, മറിച്ച് ജനങ്ങളെ സേവിക്കാനുള്ളതാണെന്നതാണ് ശ്രീരാമന്റെ ആദർശം. അതുകൊണ്ട് തന്നെ ജനങ്ങളെ ഈശ്വരനായി കണ്ട് നമ്മൾ മുന്നോട്ട് പോകണം. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും സേവനത്തിനായിരിക്കണം നമ്മൾ മുൻഗണന നൽകേണ്ടത്"- മോദി പറഞ്ഞു.

"പ്രതിസന്ധികളും വെല്ലുവിളികളും എത്ര വലുതാണെങ്കിലും നമ്മൾ മറ്റുള്ളവരെ ആശ്രയിച്ച് ഇരിക്കരുത്. നമ്മുടെ സ്വന്തം ശക്തി നമ്മൾ തിരിച്ചറിയണം. നമ്മുടെ വിഭവങ്ങളിൽ നമുക്ക് വിശ്വാസമുണ്ടാകണം. ശ്രീരാമൻ നമ്മെ പഠിപ്പിച്ചത് അതാണ്. മുന്നിൽ വലിയ സമുദ്രവും ലങ്ക വളരെ ദൂരെയുമായിരുന്നിട്ടും അദ്ദേഹത്തിന്റെ തീരുമാനം കുലുങ്ങിയില്ല. ജനങ്ങളുടെ കൂട്ടായ ശക്തിയെ ഉണർത്തി, അവരുടെ പങ്കാളിത്തത്തോടെ അസാധ്യമെന്ന് തോന്നിയ ലക്ഷ്യത്തെ അദ്ദേഹം യാഥാർത്ഥ്യമാക്കി. ഇതാണ് വിജയത്തിന്റെ അടിസ്ഥാന മന്ത്രം"- മോദി വ്യക്തമാക്കി.

ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനെക്കുറിച്ചും വിദേശത്തേക്ക് കടത്തിയ ചരിത്രവസ്തുക്കൾ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചും മോദി സംസാരിച്ചു. വെല്ലുവിളികൾ എത്ര വലുതാണെങ്കിലും സത്യവും മനുഷ്യത്വവും തന്നെയാകും അന്തിമമായി വിജയിക്കുകയെന്ന വിശ്വാസമാണ് വിജയദശമി നൽകുന്നതെന്നും മോദി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിസന്ധികളുടെ ചക്രവ്യൂഹത്തിൽ സിജെപി, ഒപ്പം ക്രൈം ബ്രാഞ്ച് അന്വേഷണവും; 'ഗ്യാനേഷ് പ്രക്ഷോഭ'ത്തിന് ഇടവേള പ്രഖ്യാപിച്ചു, വെറുപ്പിനെതിരെ പോരാട്ടം തുടരും
ഇന്ത്യയിലും നേപ്പാളിലും തെരച്ചിൽ; യുവാവിൻ്റെ മരണത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ശ്രദ്ധ ദുബെ അറസ്റ്റിൽ