പ്രധാനമന്ത്രിക്ക് തൊട്ടടുത്തെത്തി പൂമാല നല്‍കി യുവാവ്, എസ് പി ജി സുരക്ഷ ഭേദിച്ചതെങ്ങനെ, അമ്പരന്ന് ഉദ്യോഗസ്ഥര്‍

By Web TeamFirst Published Jan 12, 2023, 6:26 PM IST
Highlights

സുരക്ഷാ വലയങ്ങൾ ഭേദിച്ച് യുവാവ് മോദിയുടെ തൊട്ടരികിലെത്തി. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റി.

ബെം​ഗളൂരു: കനത്ത സുരക്ഷാവലയം ഭേദിച്ച് യുവാവ് പ്രധാനമന്ത്രിക്ക് അരികിലെത്തിയത് എങ്ങനെയെന്ന് മനസ്സിലാകാതെ സുരക്ഷാ ജീവനക്കാർ. രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ സംവിധാനമായ സ്പെഷ്യൽ പ്രൊട്ടക്ഷൻ ​ഗാർഡ് സുരക്ഷയാണ് പ്രധാനമന്ത്രിക്ക് നൽകുന്നത്. അഞ്ച് ഘട്ടങ്ങളായുള്ള സുരക്ഷ സംവിധാനമാണ് ഇത്. ആദ്യത്തെ ഘട്ടം സംസ്ഥാന പൊലീസിന്റെ ചുമതലയാണ്. പിന്നീടുള്ള ഘട്ടങ്ങളിൽ സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ് സുരക്ഷാ സംവിധാനം ഒരുക്കും. ഇതെല്ലാം മറികടന്ന് എങ്ങനെ പൂമാലയുമായി യുവാവ് പ്രധാനമന്ത്രിക്കരികിലെത്തി എന്നത് ഉദ്യോ​ഗസ്ഥരെ അമ്പരപ്പിക്കുന്നു. കഴിഞ്ഞ വർഷം പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചിരുന്നു. ജനുവരി 5 ന് തിരഞ്ഞെടുപ്പ് റാലിക്കായി ഫിറോസ്പൂരിലേക്ക് പോകുമ്പോഴാണ് കർഷകർ ഫ്ലൈ ഓവറിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ 20 മിനിറ്റ് തടഞ്ഞത് വലിയ വിവാദമായിരുന്നു.  കഴിഞ്ഞ തവണ ബെം​ഗളൂരുവിലെത്തിയപ്പോൾ പ്രധാനമന്ത്രി അപ്രതീക്ഷിതമായി കാർ നിർത്തി ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചിരുന്നു. 

കർണാടകയിലെ ഹുബ്ബള്ളിയിലാണ് ഇപ്പോൾ സുരക്ഷാ വീഴ്ചയുണ്ടായത്. സുരക്ഷാ വലയങ്ങൾ ഭേദിച്ച് യുവാവ് മോദിയുടെ തൊട്ടരികിലെത്തി. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റി.   29–ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതൽ റെയിൽവേ സ്‌പോർട്‌സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. ഫുട്ബോർഡിൽ കയറി റോഡിനിരുവശവും ആളുകളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അപ്രതീക്ഷിതമായി യുവാവ് ഓടിയെത്തിയത്.

ബാരിക്കേഡ് ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് പൂമാലയുമായി യുവാവ് പ്രധാനമന്ത്രിയുടെ തൊട്ടടുതെത്തി. ഉടൻതന്നെ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ചുമാറ്റി. എന്നാൽ, ഉദ്യോ​ഗസ്ഥരെത്തും മുമ്പേ ഇയാൾ പൂമാല പ്രധാനമന്ത്രിയുടെ കൈകളിലേൽപ്പിച്ചു. ​ഗുരുതരമായ സുരക്ഷാ വീഴ്ചയായിട്ടാണ് സംഭവത്തെ വിലയിരുത്തുന്നത്. അഞ്ച് വലയങ്ങളുള്ള സുരക്ഷാ ഇയാൾ എങ്ങനെ പ്രധാനമന്ത്രിക്ക് തൊട്ടരികിലെത്തി എന്നത് ചോദ്യമാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടായേക്കുമെന്നാണ് സൂചന. 

click me!