
തിരുവനന്തപുരം: കേരളം പിഎം ശ്രീയുടെ ഭാഗമായി തുടരണമെന്ന് വീണ്ടും കേന്ദ്രം കത്തയക്കുന്നതോടെ ഒരിടവേളക്ക് ശേഷം ചർച്ചയുയരുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടുകൾ ഒഴികെയുള്ള എസ്എസ്കെ ഫണ്ട് ലഭിക്കാൻ പദ്ധതിയുടെ ഭാഗമാകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കിയാണ് കത്തയക്കുക. ദില്ലിയിൽ എസ്എസ് കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിലാണ് നിലപാട് ആവർത്തിച്ചത്. അതേസമയം പിഎം ശ്രീ വിഷയത്തിൽ ലീഗിന് പിന്നാലെ കോൺഗ്രസിലും ഭിന്നത രൂക്ഷമായതോടെയാണ് സർക്കാറിന് അന്തിമ തീരുമാനമെടുക്കൽ കടുത്ത വെല്ലുവിളിയായി.
ഫണ്ട് വേണമെങ്കിൽ പിഎം ശ്രീക്കൊപ്പം തുടരണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള കുടിശ്ശിക 1500 കോടി രൂപയാണ്. ഈ വർഷം എസ്എസ്കെ ഇനത്തിൽ കിട്ടാനുള്ളത് 350 കോടി രൂപയും. ഇതിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള പദ്ധതികൾ ഒഴികെയുള്ള പദ്ധതികളുടെ ഫണ്ട് കിട്ടാൻ പിഎം ശ്രീ വേണമെന്നാണ് കേന്ദ്രം പറയുന്നത്. കേരളം എന്താണ് നയപരമായ നിലപാട് എടുക്കാത്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി എസ്എസ് കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിൽ ചോദിച്ചു. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്രം വീണ്ടും ചീഫ് സെക്രട്ടറിക്ക് കത്തയക്കും.
പിഎം ശ്രീ വേണ്ടെന്ന മുൻ നിലപാടിൽ ഉറച്ചുനിന്ന് ഫണ്ട് വേണ്ടെന്ന് വെക്കണോ, അതോ എതിർപ്പുകൾ തള്ളി പദ്ധതിയിൽ തുടർന്ന് പോകണോ എന്ന ആശങ്കയിലാണ് സർക്കാർ. ലീഗിലെ പൊട്ടിത്തെറിക്ക് പിന്നാലെ ഇന്നലെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും പദ്ധതിക്കെതിരെ എതിർപ്പ് കനത്തും. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അടക്കം വിമർശിച്ചു. പിന്മാറ്റം പ്രയാസമാണെന്ന നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും ഒറ്റയടിക്ക് തീരുമാനത്തിലേക്ക് പോകൽ പ്രയാസമുണ്ടാക്കും.
മന്ത്രിസഭാ ഉപസമിതി ഇതുവരെ രണ്ട് തവണയാണ് യോഗം ചേർന്നത്. മൂന്നാം യോഗത്തോടെ റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു ധാരണ. പക്ഷെ രാഷട്രീയ സമവായമാകാത്തതാണ് പ്രശ്നം. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസവകുപ്പിനും ഇളവോടെ പദ്ധതിയിൽ തുടന്ന് ഫണ്ട് നേടിയെടുക്കണമെന്ന അഭിപ്രായമാണ്. കരാർ അറബിക്കടലിൽ വലിച്ചെറിയുമെന്നതടക്കം പണ്ട് പറഞ്ഞ വാക്കുകളടക്കം ഭീഷണി. തീരുമാനം നീട്ടി വിവാദം അവസാനിപ്പിക്കാനായിരുന്നു സർക്കാർ ശ്രമം. കേന്ദ്രത്തിന്റെ കത്ത് വരുന്നതോടെ വീണ്ടും ചർച്ചകൾ സജീവമാക്കാനാണ് നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam