
ദില്ലി: രണ്ടാം മോദി സർക്കാർ അധികാരത്തിൽ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ ജനങ്ങൾക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പോയ ഒരു വർഷത്തിൽ ചരിത്രപരമായ പല തീരുമാനങ്ങൾക്കും രാജ്യം സാക്ഷിയായെന്നും അതിവേഗ പുരോഗതി കൈവരിച്ചെന്നും പ്രധാനമന്ത്രി പറയുന്ന. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ലോകത്തിനാകെ മാതൃകയാവുന്ന തരത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയും രാജ്യത്തെ സാധാരണക്കാരായ തൊഴിലാളികളും ചെറുകിട വ്യാപാരികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് പ്രധാനമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇപ്പോൾ നേരിടുന്ന ഈ ബുദ്ധിമുട്ടുകൾ വലിയൊരു ദുരന്തമായി മാറാതെ നമ്മളെല്ലാവരും ശ്രദ്ധിക്കണം. തൊഴിൽ നഷ്ടമായി ലക്ഷണക്കിന് കിലോമീറ്ററുകൾ നടന്നും ലോറിയിലും പോകുന്ന അതിഥി തൊഴിലാളികൾ ഈ ലോക്ക് ഡൌണിലെ ദുരന്ത ചിത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരുപാട് പ്രശ്നങ്ങളിൽ ഇനിയും ഇടപെടാനുണ്ടെന്ന് തനിക്കറിയാമെന്നും രാജ്യം അനവധി പ്രതിസന്ധികളും പ്രശ്നങ്ങളും നേരിടുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു. രാത്രിയും പകലും ഞാൻ ജോലി ചെയ്യുകയാണ്. എനിക്ക് പോരായ്മകളുണ്ടാവാം എന്നാൽ നമ്മുടെ രാജ്യത്തിന് അത്തരം പോരായ്മകളില്ല. ഞാൻ എന്നെ വിശ്വസിക്കുന്നതിലേറെ നിങ്ങളേയും നിങ്ങളുടെ ശക്തിയേയുമാണ് വിശ്വസിക്കുന്നത്.
നിലവിൽ ലോകം മുഴുവൻ ഈ മഹാമാരിയോട് പോരാടുകയാണ്. നമ്മുക്കും ഇതു പരീക്ഷണക്കാലമാണ്. എന്നാൽ ഈ മഹാമാരി എന്നത്തേക്കുമല്ലെന്നും നമ്മുടെ യാത്ര ഇവിടെ അവസാനിക്കില്ലെന്നും നിങ്ങളെല്ലാവരും ഓർക്കണം. സാധാരണഗതിയിൽ ഞാൻ ഈ സമയത്ത് നിങ്ങളുടെ ഇടയിലാവും ഉണ്ടാവുക എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കത്തിലൂടെ മാത്രമേ നിങ്ങൾക്ക് അടുത്തേക്കെത്താൻ എനിക്കാവൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam