
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻ ഡി എയിൽ തിരിച്ചെത്തി പി എം കെ. എടപ്പാടി പളനിസാമി പ്രഖ്യാപനം നടത്തി. അൻപുമണി വിഭാഗം ആണ് എൻ ഡി എയിൽ എത്തിയത്. പട്ടാളി മക്കൾ പാർട്ടിയിൽ അച്ഛൻ രാമദാസ് നയിക്കുന്ന വിഭാഗം പുറത്താണ്. പാർട്ടിയിലെ 5 എം എൽ എമാരിൽ 3 പേരും അൻപുമണിക്കൊപ്പം ആണ്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചർച്ചകൾ പൂർത്തിയായെന്നും പ്രഖ്യാപനം പിന്നീടെന്നും ഇ പി എസ് അറിയിച്ചു.
തമിഴ്നാട്ടിൽ എൻ ഡി എ വിപുലീകരണ നീക്കങ്ങൾ സജീവമാണ്. ഡി എം കെയെ വീഴ്ത്താൻ എല്ലാവരും ഒന്നിക്കണമെന്ന് അൻപുമണി ആവശ്യപ്പെട്ടു. ടി ടി വി ദിനകരൻ, ഒ പി എസ് എന്നിവരുമായും ചർച്ചയ്ക്ക് സാധ്യതയുണ്ട്. മറ്റ് പാർട്ടികളുമായുള്ള ചർച്ചകളുടെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു- "എ ഐ എ ഡി എം കെ, ബി ജെ പി, പി എം കെ എന്നിവ സഖ്യത്തിലുണ്ട്. മറ്റ് നിരവധി പാർട്ടികളും ഉടൻ തന്നെ ഞങ്ങളോടൊപ്പം ചേരാൻ സാധ്യതയുണ്ട്. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും വൻ വിജയം നേടുകയും ചെയ്യും"- എന്നാണ് ഇ പി എസ് പറഞ്ഞത്.
സ്ത്രീവിരുദ്ധവും ജനവിരുദ്ധവും അഴിമതി നിറഞ്ഞതുമായ ഡി എം കെ പാർട്ടിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്നതാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് അൻപുമണി കൂട്ടിച്ചേർത്തു. വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് എ ഐ എ ഡി എം കെയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കും. ഡി എം കെയുടെ ജനവിരുദ്ധ ഭരണത്തിൽ ജനങ്ങൾ രോഷാകുലരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരം എടപ്പാടി പളനിസ്വാമി ഡൽഹിയിലേക്ക് പോയി മുതിർന്ന ബി ജെ പി നേതാക്കളുമായി ചർച്ച നടത്തിയേക്കും. സഖ്യ വിപുലീകരണമാണ് പ്രധാന അജണ്ട.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam