
ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ ബിജെപി പ്രവർത്തകയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് മർദ്ദിച്ചതായും വസ്ത്രങ്ങൾ വലിച്ചുകീറിയതായും ആരോപണം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മേഖലയിൽ വലിയ രാഷ്ട്രീയ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്. ഒരു ബസിനുള്ളിൽ വെച്ച് പുരുഷ-വനിതാ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് വനിതാ പ്രവർത്തകയെ വളയുന്നതും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തടങ്കലിലാക്കുന്നതിനെ ഇവർ എതിർത്തതോടെ പൊലീസ് മർദ്ദിക്കുകയും വസ്ത്രങ്ങൾ അലക്ഷ്യമായി വലിച്ചു കീറുകയും ചെയ്തുവെന്നാണ് ആരോപണം.
കോൺഗ്രസ് കോർപ്പറേറ്റർ സുവർണ കല്ലകുണ്ട്‌ല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ വനിതാ പ്രവർത്തകയെ കസ്റ്റഡിയിലെടുക്കാൻ എത്തിയത്. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് ചില പേരുകൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരെ സഹായിച്ചു എന്നാരോപിച്ചാണ് കോൺഗ്രസ് പരാതി നൽകിയത്. എന്നാൽ ഈ ആരോപണം ഇവർ നിഷേധിച്ചിട്ടുണ്ട്.
നേരത്തെ കോൺഗ്രസ് പ്രവർത്തകയായിരുന്ന ഇവർ അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. ഇതും തർക്കങ്ങൾക്ക് കാരണമായതായി കരുതപ്പെടുന്നു. ഈ സംഭവത്തെത്തുടർന്ന് ഹുബ്ബള്ളിയിൽ ബിജെപി പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് അധികൃതർ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. ബിജെപിയും കോൺഗ്രസും പരസ്പരം പരാതികൾ നൽകിയിട്ടുള്ളതിനാൽ പ്രദേശത്ത് ഇപ്പോഴും രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam