സ്വർണക്കടത്ത് കേസ്: വിശദാംശങ്ങൾ തേടി പ്രധാനമന്ത്രിയുടെ ഓഫീസ്, സിബിഐയുടെ അഭിപ്രായം തേടി ?

By Web TeamFirst Published Jul 8, 2020, 6:19 PM IST
Highlights

 സാധാരണ ഡിപ്ലോമാറ്റിക് ബാഗ് എക്സ്റേ പരിശോധന പോലും ഇല്ലാതെ എംബസി ഉദ്യോഗസ്ഥർക്ക് കൈമാറുകയാണ് പതിവ്. യുഎഇയിൽ നിന്ന് സ്വർണ്ണം ഈ പരിരക്ഷ ഉപയോഗിച്ച് കടത്തിയത് കേന്ദ്ര ഏജൻസികളെ ഞെട്ടിച്ചിരിക്കുകയാണ്. 
 

ദില്ലി: സ്വർണ്ണക്കടത്ത് കേസിൽ പുറത്തുവരുന്ന വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസും ധനമന്ത്രാലയവും നിരീക്ഷിക്കുന്നു. കേന്ദ്ര പരോക്ഷ നികുതി ബോർഡ് അന്വേഷണം നേരിട്ട് നിരീക്ഷിക്കും. കേസിൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാൻ ഇന്ത്യ യുഎഇയുടെ സഹകരണം തേടിയിട്ടുണ്ട്. 

സ്വർണ്ണക്കടത്ത് കേസ് പല മാനങ്ങളുള്ള പ്രധാന കേസായി മാറുമ്പോൾ അന്വേഷണത്തിൽ പുറത്തുവരുന്ന വിവരങ്ങൾ നിരീക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ. സാധാരണ ഡിപ്ലോമാറ്റിക് ബാഗ് എക്സ്റേ പരിശോധന പോലും ഇല്ലാതെ എംബസി ഉദ്യോഗസ്ഥർക്ക് കൈമാറുകയാണ് പതിവ്. യുഎഇയിൽ നിന്ന് സ്വർണ്ണം ഈ പരിരക്ഷ ഉപയോഗിച്ച് കടത്തിയത് കേന്ദ്ര ഏജൻസികളെ ഞെട്ടിച്ചിരിക്കുകയാണ്. 

പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലയത്തിനും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ധനമന്ത്രി പരോക്ഷ നികുതി ബോർഡിനോട് വിവരം തേടിയത്. ബോർഡ് അംഗം സന്ദീപ് ഭട്നാഗർ അന്വേഷണം നിരീക്ഷിക്കും. സിബിഐയോട് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്  തേടിയതായാണ് സൂചന. ആഭ്യന്തരമന്ത്രി അമിത് ഷായെ രഹസ്യാന്വേഷണ ഏജൻസികളും ഇതുവരെയുള്ള സൂചനകൾ അറിയിച്ചിട്ടുണ്ട്. 

യുഎഇ ഇന്നലെ കേസിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥനിൽ നിന്ന് വിവരം ശേഖരിക്കാൻ  സഹകരിക്കണമെന്ന് ഇന്ത്യ യുഎഇയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും.  രാഷ്ട്രീയമായും കേസ് ദേശീയതലത്തിൽ ചർച്ചയാവുകയാണ്. ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാനസർക്കാരിനെതിരെ ഇതിനോടകം രംഗത്തു വന്നിട്ടുണ്ട്.

സിപിഎം പോളിറ്റ് ബ്യൂറോ ഇക്കാര്യം ചർച്ച ചെയ്യില്ലെന്ന് പ്രകാശ് കാരാട്ട് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റംസിന് സംസ്ഥാന സർക്കാർ എല്ലാ സഹായവും നല്കുമെന്ന് സിപിഎം ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. സംസ്ഥാനസർക്കാരിന് കടത്തുമായി ഒരു ബന്ധവുമില്ലെന്നും സിപിഎം വിശദീകരിക്കുന്നു.

click me!