
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുകൊടുത്ത ഭരണഘടനയുടെ പകര്‍പ്പ് സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ്. രാജ്യത്തിന്‍റെ 71-ാം റിപ്പബ്ലിക് ദിനത്തില്‍ മോദിക്ക് കോൺഗ്രസ് ഭരണഘടനയുടെ പകര്‍പ്പ് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് തിരിച്ചയച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു.
'പ്രിയപ്പെട്ട ഇന്ത്യക്കാരെ, ഞങ്ങള്‍ ശ്രമിച്ചു. പക്ഷേ മോദിജിക്ക് ഭരണഘടനയോട് താല്‍പ്പര്യമില്ല' എന്ന കുറിപ്പിനൊപ്പം ഭരണഘടനയുടെ പകര്‍പ്പ് തിരിച്ചയച്ചതിന്‍റെ സ്ക്രീന്‍ഷോട്ടും കോണ്‍ഗ്രസ് ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആമസോണ്‍ വഴിയാണ് കോണ്‍ഗ്രസ് മോദിയുടെ ഓഫീസിലേക്ക് ഭരണഘടനയുടെ പകര്‍പ്പ് അയച്ചത്. 'രാജ്യത്തെ വിഭജിക്കുന്നതിനിടയില്‍ സമയം കിട്ടുകയാണെങ്കില്‍ ഇതൊന്ന് വായിച്ച് നോക്കണമെന്ന്' ഈ വിവരം പങ്കുവെച്ച് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു.