രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഇതൊന്നു വായിച്ചു നോക്കണമെന്ന് കുറിപ്പ്

ദില്ലി: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിലാണ് രാജ്യമാകെ പ്രതിപക്ഷ കക്ഷികള്‍. രാജ്യത്തിന്‍റെ 71 ാം റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ മൂല്യം കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്ന പ്രതിഷേധമാണ് രാജ്യമാകെ അരങ്ങേറിയത്. ഭരണഘടനയുടെ ആമുഖം വായിച്ചും ദേശീയ പതാക ഉയര്‍ത്തിയും കേന്ദ്രത്തിന് മുന്നില്‍ സാഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും സന്ദേശമാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ചത്.

അതിനിടയിലാണ് ട്വിറ്ററിലൂടെ കോണ്‍ഗ്രസ് വ്യത്യസ്തമായ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് അയച്ചുകൊടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഔദ്യോഗിക ട്വിറ്ററര്‍ പേജിലൂടെ സന്ദേശം അയച്ച കോണ്‍ഗ്രസ്, രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഇതൊന്നു വായിച്ചു നോക്കണമെന്നും കുറിച്ചിട്ടുണ്ട്.

Scroll to load tweet…

അതേസമയം ഭരണഘടനാ സംരക്ഷണം ഉയര്‍ത്തി റിപ്പബ്ലിക് ദിനത്തില്‍ കേരളത്തില്‍ എല്‍ഡിഎഫ് മനുഷ്യ മഹാശൃംഖല സംഘടിപ്പിച്ചു. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാണ് മനുഷ്യ മഹാശൃംഖല തീര്‍ത്തത്. സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള കാസര്‍കോട് ആദ്യ കണ്ണിയും സിപിഎം പിബി അംഗം എം എ ബേബി അവസാനകണ്ണിയുമായ എല്‍ ഡി എഫ് മനുഷ്യ മഹാശൃംഖലയില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു. പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എംവി ഗോവിന്ദൻ, സികെ നാണു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും പാളയം ഇമാം അടക്കം മതസാമുദായിക പ്രതിനിധികളും അണിനിരന്നു. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 620 കിലോമീറ്ററിലാണ് ശൃംഖല തീര്‍ത്തത്.