ത്രിപുരയിൽ ത്രിണമൂലിനായി സർവ്വെയ്ക്കെത്തിയ പ്രശാന്ത് കിഷോറിന്റെ സംഘത്തെ തടഞ്ഞുവച്ച് പൊലീസ്

By Web TeamFirst Published Jul 26, 2021, 10:55 PM IST
Highlights

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ ത്രിപുര പൊലീസ് തടഞ്ഞിരിക്കുന്നത്...

അഗര്‍ത്തല: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസിനുവേണ്ടി സർവ്വെ നടത്താനെത്തിയ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സംഘത്തെ ത്രിപുരയിൽ തടഞ്ഞു. ത്രിപുരയിൽ ഇവർ താമസിച്ചിരുന്ന ഹോട്ടലിലാണ് ത്രിപുര പൊലീസ് ഇവരെ തടഞ്ഞത്. 22 പേരടങ്ങുന്ന സംഘത്തെ തിങ്കളാഴ്ച രാവിലെ മുതൽ പൊലീസ് തടഞ്ഞുവച്ചിരിക്കുകയാണ്. 

2023 ലാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ത്രിണമൂൽ കോൺഗ്രസിന് സംസ്ഥാനത്തുള്ള സാധ്യതകൾ പഠിക്കാനാണ് സംഘം ഇവിടെയെത്തിയത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ ത്രിപുര പൊലീസ് തടഞ്ഞിരിക്കുന്നത്. എന്നാൽ തങ്ങളുടെ കയ്യിൽ മുഴുവൻ രേഖകളുമുണ്ടെന്നാണ് ഇവർ അറിയിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

ത്രിണമൂൽ നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ത്രിണമൂലിന്റെ പാർലമെന്ററി പാർട്ടി നേതാവായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ട മമതാ തിങ്കളാഴ്ച വൈകീട്ട് ദില്ലിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘത്തെ ത്രിപുരയിൽ തടഞ്ഞുവച്ചതായി വാർത്ത പുറത്തുവരുന്നത്. 

click me!