ദില്ലി അന്തരീക്ഷ മലിനീകരണം: പാടത്ത് തീയിട്ടതിന് പഞ്ചാബിൽ 80 കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തു

By Web TeamFirst Published Nov 8, 2019, 12:03 PM IST
Highlights

കഴിഞ്ഞ മൂന്നു ദിവസത്തിനുളളിൽ 17000 പാടങ്ങളാണ് കത്തിച്ചത്. അതിൽത്തന്നെ ബുധനാഴ്ച ഒറ്റ ദിവസം കത്തിയെരിഞ്ഞത് 4741 പാടങ്ങളാണ്. 

ദില്ലി: കൊയ്ത്തു കഴിഞ്ഞ പാടത്ത് തീ കത്തിച്ചതിനെ തുടർന്ന് പഞ്ചാബിലെ എൺപത് കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ 46 ശതമാനത്തിനും കാരണം അയൽസംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ പാടം കത്തിക്കലാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നിയമം ലംഘിച്ചതിന്റെ പേരിൽ 174 കർഷകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പാടങ്ങൾക്ക് തീയിടുന്നതിനെതിരെ കർശന നടപടിയുമായി സർക്കാർ രം​ഗത്തെത്തിയിരിക്കുകയാണ്. 

എല്ലാവർഷവും കൊയ്ത്തു കഴിഞ്ഞതിന് ശേഷം പാടത്തിന് തീയിടാറുണ്ട്. ഈ പുകയും വാഹനങ്ങളിലെയും ഫാക്ടറികളിലെയും പുകയും ഒത്തുപേരുമ്പോൾ അതി​ഗുരുതരമായ അന്തരീക്ഷ മലിനീകരണത്തിന് കാരണമായിത്തീരും. അപകടകരമായ അന്തരീക്ഷ മലിനീകരണമാണ് ഈ വർഷം ദില്ലിയിൽ സംഭവിച്ചത്. തീയിടലിനെതിരെ സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനെ മറികടന്ന് വീണ്ടും തീയിട്ടതിനെ തുടർന്നാണ് അറസ്റ്റ്. 

കഴിഞ്ഞ മൂന്നു ദിവസത്തിനുളളിൽ 17000 പാടങ്ങളാണ് കത്തിച്ചത്. അതിൽത്തന്നെ ബുധനാഴ്ച ഒറ്റ ദിവസം കത്തിയെരിഞ്ഞത് 4741 പാടങ്ങളാണ്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങൾ പ്രധാനമായും കൃഷിയിലൂന്നി ജീവിക്കുന്ന സംസ്ഥാനങ്ങളാണ്. ഓരോ വർഷവും 18 മില്യൺ ടൺ അരിയാണ് ഈ സംസ്ഥാനങ്ങൾ ഉത്പാദിപ്പിക്കുന്നത്. കൃഷിയിടങ്ങളിൽ തീയിടുന്നത് തടയാൻ യന്ത്രങ്ങൾ വിതരണം ചെയ്യാൻ കൃഷി മന്ത്രാലയത്തിന് പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. 
 

click me!