'ബാബു' എന്ന് പറഞ്ഞതും നോട്ടിലെ രക്തക്കറയും തുമ്പായി; പ്രിൻസിപ്പാളിലെ കൊന്നത് പത്താം ക്ലാസ് വിദ്യാർത്ഥികൾ, കുത്തിയത് 27 തവണ

Published : Aug 20, 2026, 09:37 AM IST
Telangana School Principal Murder

Synopsis

തെലങ്കാനയിലെ സ്കൂൾ പ്രിൻസിപ്പാളിൻ്റെ കൊലപാതകത്തിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിലായി. നൽഗൊണ്ട ജില്ലയിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പാൾ രൂപ റെഡ്ഡിയുടെ കൊലപാതകത്തിലാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്.

ഹൈദരാബാദ്: തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പാളിനെ കൊലപ്പെടുത്തിയത് വിദ്യാർത്ഥികളാണെന്ന പൊലീസിൻ്റെ കണ്ടെത്തലിൽ നടുക്കം. നൽഗൊണ്ട ജില്ലയിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പാളിൻ്റെ കൊലപാതകത്തിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടമല്ലെപ്പള്ളി നാഗാർജുന ഗ്രാമ്മർ കൺസെപ്റ്റ് സ്കൂൾ പ്രിൻസിപ്പാൾ കല്ലു രൂപ റെഡ്ഡി (50) യുടെ കൊലപാതകത്തിലാണ് അറസ്റ്റ്. പ്രിൻസിപ്പാളിൻ്റെ വീട്ടിൽ നടത്തിയ മോഷണത്തിൽ പിടിക്കപ്പെട്ടതാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.

ഓഗസ്റ്റ് 11ന് ജെബി കോളനിയിലെ വീട്ടിലാണ് രൂപ റെഡ്ഡിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 27 ഓളം തവണ കുത്തേറ്റ നിലയിലായിരുന്നു അധ്യാപികയുടെ മൃതദേഹം. വീട്ടിൽനിന്ന് രണ്ടര ലക്ഷത്തോളം രൂപയും മോഷണം പോയിരുന്നു. സംഭവസമയം രൂപയുടെ ഭ‍ർത്താവ് രാജേന്ദർ റെഡ്ഡി ഹൈദരാബാദിലായിരുന്നു.

ആൻ്റിയുമായി രൂപ അവസാനമായി സംസാരിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കുട്ടിക്കൊലയാളികളിലേക്ക് എത്തിച്ചത്. രൂപ ആൻ്റിയോട് സംസാരിക്കുന്നതിനിടെ ഫോൺ സ്വിച്ച് ഓഫാകും മുമ്പ് 'ബാബു' എന്ന് പരാമർശിച്ചിരുന്നു. പൊതുവേ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന ഈ വാക്ക് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയ പൊലീസ് സ്കൂളിലെ വിദ്യാർത്ഥികളിലേക്കും വ്യാപിപ്പിച്ചു. അധ്യാപികയുടെ ദിനചര്യയും വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും ഉൾപ്പെടെ ഉള്ള പരിചയക്കാരും അന്വേഷണ പരിധിയിൽ എത്തി. ഇതിനിടെ, പത്താം ക്ലാസിലെ രണ്ടു വിദ്യാർത്ഥികൾ പാർട്ടിയും മറ്റും നടത്തി ആർഭാടജീവിതം നയിക്കുന്നത് പൊലീസിൻ്റെ ശ്രദ്ധയിൽപെട്ടു. സംശയം തോന്നിയ പൊലീസ് ബുധനാഴ്ച രാവിലെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ഇവരിൽനിന്ന് 1.51 ലക്ഷം രൂപയും ഐഫോണും പിടിച്ചെടുത്തു. പണം രക്ഷിതാക്കൾ നൽകിയതാണെന്ന് വിദ്യാർത്ഥികളിൽ ഒരാൾ മൊഴി നൽകിയെങ്കിലും ഫൊറൻസിക് പരിശോധനയിൽ നോട്ടുകളിൽ കണ്ടെത്തിയ രക്തക്കറ ആണ് തുമ്പായത്.

വിദ്യാർത്ഥികളിൽ ഒരാളിൽനിന്ന് പ്രിൻസിപ്പാളും സ്കൂൾ ജീവനക്കാരും മൊബൈൽ ഫോണും പണവും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥിയെ ഹോസ്റ്റലിൽനിന്ന് മാറ്റാൻ പ്രിൻസിപ്പാൾ തീരുമാനിച്ചു. വിവരം കുട്ടിയുടെ രക്ഷിതാക്കളെയും അറിയിച്ചിരുന്നു. ഇതാണ് പ്രിൻസിപ്പാളിനെ ലക്ഷ്യമിടാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഓഗസ്റ്റ് 11ന് സ്കൂൾ ഫീസ് ശേഖരിച്ചിരുന്നതിനാൽ പ്രിൻസിപ്പാളിൻ്റെ വീട്ടിൽ പണമുള്ള കാര്യം ഇരുവരും മനസ്സിലാക്കിയിരുന്നതായാണ് കണ്ടെത്തൽ.

അഞ്ചുദിവസം മുമ്പാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കത്തിയും ഗ്ലൗസും വാങ്ങിയ ഇവ‍ർ പ്രിൻസിപ്പാളിൻ്റെ വീട് സ്ഥിതിചെയ്യുന്ന പ്രദേശവും നിരീക്ഷിച്ചു. സിസിടിവി കാമറകളുള്ള സ്ഥലങ്ങൾ ഒഴിവാക്കിയാണ് ഇവ‍ർ എത്തിയത്. വിദ്യാർത്ഥികളിൽ ഒരാൾ വീടിൻ്റെ ചുറ്റുമതിൽ കടന്ന് അകത്തേക്ക് എത്തുകയും മറ്റൊരാൾ പുറത്ത് കാത്തിരിക്കുകയും ചെയ്തു. വീട്ടിൽ കയറി പണം തെരയുന്നതിനിടെ വിദ്യാ‍ർത്ഥിയെ പ്രിൻസിപ്പാൾ കണ്ടു. തന്നെ തിരിച്ചറിയുമെന്ന ഭയത്തോടെ ആണ് വിദ്യാ‍ർത്ഥി പ്രിൻസിപ്പാളിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഇരുവരും വസ്ത്രങ്ങൾ മാറി തെളിവ് നശിപ്പിക്കാനും ശ്രമം നടത്തി.

അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഡ്രൈവിങ് ഭ്രമമുള്ള ഒരാൾ പെട്ടെന്ന് പണമുണ്ടാക്കാൻ ആഗ്രഹിച്ചിരുന്നതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഇരുവരെയും ജുവനൈൽ ജസ്റ്റിസ് ബോ‍ർഡിന് മുമ്പാകെ ഹാജരാക്കി. ഇവരെ ജുവനൈൽ ഹോമിലേക്ക് മാറ്റാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വന്ദേമാതരം ആദ്യ രണ്ട് ചരണങ്ങൾ ആലപിച്ചാൽ മതിയെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ്; 'പുതിയ മുസ്ലിം ലീഗ്' എന്ന് ബിജെപി
8 വയസുകാരി ധരിച്ച ഷോർട്സിന്റെ പേരിൽ വിനോദ സഞ്ചാരികൾക്ക് നേരെ സദാചാര പൊലീസിംഗും അക്രമവും