
ഡെറാഡൂൺ: ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ക്ഷേത്രം ജീവനക്കാരൻ അറസ്റ്റിൽ. ബദരീനാഥ് - കേദാർനാഥ് ക്ഷേത്ര സമിതി (ബികെടിസി) ജീവനക്കാരനായ പ്രമോദ് നൗത്യാൽ ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഡെറാഡൂണിലെ വീട്ടിൽ നിന്നാണ് ഉത്തരാഖണ്ഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യംചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വാർത്താ ഏജൻസിയായ പിടിഐയോട് അറിയിച്ചു. ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവന കൈകാര്യം ചെയ്തതിൽ ക്രമക്കേട് ഉണ്ടായെന്ന പ്രാഥമിക ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് പ്രമോദ് നൗത്യാലിനെ ക്ഷേത്ര സമിതി സസ്പെൻഡ് ചെയ്തതിന് പിന്നാലെ ആണ് പൊലീസ് നടപടി ഉണ്ടായത്. ക്ഷേത്ര സമിതി ചെയർമാൻ്റെ പേഴ്സണൽ അസിസ്റ്റൻ്റായിരുന്നു പ്രമോദ് നൗത്യാൽ.
ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് ക്ഷേത്രത്തിൽ കാണിക്ക എണ്ണൽ നടക്കുന്നതിനിടെ ആണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കാണിക്കയായി ലഭിച്ച പണം കൗണ്ടിങ് സ്ഥലത്തുനിന്ന് നടപടിക്രമങ്ങൾ ലംഘിച്ചു മാറ്റിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ക്ഷേത്ര സമിതി രൂപീകരിച്ച നാലംഗ സമിതി നടത്തിയ അന്വേഷണത്തിൽ പ്രമോദ് നൗത്യാലിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നും കണ്ടെത്തി.
സംഭവത്തിൽ ക്ഷേത്ര സമിതി ഇൻചാർജ് യുധ്വിർ പുഷ്പ്‍വാനിൻ്റെ പരാതിയിൽ ബദരീനാഥ് പൊലീസ് പ്രമോദ് നൗത്യാലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കാണിക്ക എണ്ണൽ കേന്ദ്രത്തിലെ സിസിടിവി കൺട്രോൾ ഓഫീസർമാരുടെ അടക്കം മൊഴി പോലീസ് രേഖപ്പെടുത്തി. സിസിടി ദൃശ്യങ്ങളിൽ പ്രമോദ് നൗത്യാൽ പണവും സ്വർണവും വെള്ളി നാണയങ്ങളും ഒളിപ്പിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുന്നതെന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചിരുന്നു.
സംഭവനാക്കൊള്ള അന്വേഷിക്കാനായി ഉത്തരാഖണ്ഡ് സർക്കാരും മൂന്നംഗ സമിതിയെ രൂപീകരിച്ചിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ 1929ലെ ശ്രീ ബദരീനാഥ് - കേദാർനാഥ് ക്ഷേത്ര സമിതി നിയമപ്രകാരം നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ക്ഷേത്ര കമ്മിറ്റി സിഇഒയോട് നിർദേശിച്ചിരുന്നു. അതേസമയം തനിക്കെതിരായ സസ്പെൻഷൻ നടപടിക്കും എഫ്ഐആറിനുമെതിരെ പ്രമോദ് നൗട്ടിയാൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ ഹൈക്കോടതി ക്ഷേത്രം സമിതിയുടെ മറുപടി തേടിയിട്ടുണ്ട്. കേസ് ജൂലൈ 16ന് കോടതി വീണ്ടും പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam