
ഗുഡ്ഗാവ്: ജപ്പാൻ പൌരനായ വിനോദസഞ്ചാരിയിൽ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങിയ ട്രാഫിക് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ സഞ്ചരിക്കുകയായിരുന്ന വിനോദസഞ്ചാരി ഹെല്‍മറ്റ് ധരിക്കാത്തതിനാണ് 1000 രൂപ കൈക്കൂലി വാങ്ങിയത്. പിഴയെന്ന പേരിലാണ് പണം ഈടാക്കിയത് എന്നാണ് പരാതി. ജപ്പാന്‍കാരനായ കയ്‌റ്റോ സംഭവത്തിന്റെ ദൃശ്യം മെറ്റ സ്മാര്‍ട്ട് ഗ്ലാസിലൂടെ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുറ്റക്കാരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഹോം ഗാർഡിനെ പിരിച്ചുവിട്ടു. സബ് ഇൻസ്പെക്ടർ കരണ്‍ സിങ്, കോണ്‍സ്റ്റബിൾ ശുഭം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഹോം ഗാർഡ് ഭൂപേന്ദറിനെ പിരിച്ചുവിട്ടു.
കയ്റ്റോയ്ക്കൊപ്പം ഉണ്ടായിരുന്ന യുവതിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിൽ പോകുമ്പോൾ ട്രാഫിക് പോലീസ് കൈകാണിച്ചു. പിന്‍സീറ്റില്‍ ഇരിക്കുന്നവർക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നും ധരിക്കാത്തതിനാല്‍ 1000 രൂപ പിഴയൊടുക്കണമെന്നും ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടു. പിഴ ഇപ്പോൾ അടച്ചില്ലെങ്കില്‍ കോടതിയില്‍ പോയി അടയ്‌ക്കേണ്ടി വരുമെന്നും പൊലീസ് പറഞ്ഞു. വിസ കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കട്ടെയെന്ന് ജപ്പാൻകാരൻ ചോദിച്ചപ്പോൾ പറ്റില്ലെന്ന് പൊലീസ് പറഞ്ഞു. കാര്‍ഡ് പറ്റില്ലെന്നും പിഴ പണമായി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ കൈയിലുണ്ടായിരുന്ന 500ന്‍റെ രണ്ട് നോട്ടുകള്‍ ഉദ്യോഗസ്ഥന് കയ്‌റ്റോ നൽകി. അതേസമയം ആ വഴിയിൽ നിരവധി പേർ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് കയ്‌റ്റോ ട്രാഫിക് പൊലീസിനെ കാണിച്ചു കൊടുത്തു പറഞ്ഞു. വിദേശിയായതിനാലാണ് തന്നോട് ഇങ്ങനെ പെരുമാറുന്നതെന്ന് കെയ്റ്റോ വിമർശിച്ചു.
കയ്‌റ്റോ വീഡിയോ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി പേർ പിന്തുണയുമായെത്തി. രസീത് നല്‍കാത്തതിനാല്‍ ഇത് കൈക്കൂലിയായി മാത്രമേ കാണാന്‍ കഴിയൂവെന്നാണ് നിരവധി പേർ കമന്‍റ് ചെയ്തു. നമ്മുടെ നാട് കാണാൻ വരുന്നവരെ പിഴിയുന്ന ത്തരം ആളുകൾക്കെതിരായ നടപടി സസ്പെൻഷനിൽ ഒതുക്കരുതെന്ന് ചിലർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam