
വിശാഖപട്ടണം: സംസ്ഥാന സര്‍ക്കാരിനെ അവഹേളിച്ചുവെന്ന് ആരോപിച്ച് ആന്ധ്രാപ്രദേശില്‍ ഡോക്ടര്‍ക്ക് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം. ഡോ. സുധാകര്‍ എന്നയാള്‍ക്കാണ് വിശാഖപട്ടണത്ത് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. സുധാകറിന്‍റെ കൈ കെട്ടി മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഷര്‍ട്ട് ധരിക്കാത്ത ഡോ. സുധാകറിനെ പൊലീസ് കോണ്‍സ്റ്റബിള്‍ മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടെ പ്രചരിക്കുന്നുണ്ട്. നര്‍സിപട്ടണം സര്‍ക്കാര്‍ ആശുപത്രിയിലെ അനസ്തിയോളജിസ്റ്റ് ആയിരുന്നു സുധാകര്‍. സര്‍ക്കാര്‍ പിപിഇ കിറ്റുകളും എന്‍ 95 മാസ്ക്കുകളും ആവശ്യത്തിന് നല്‍കുന്നില്ലെന്ന് പരാതിപ്പെട്ടതിന് ഈ മാസം ആദ്യമാണ് സുധാകറിനെ സസ്പെന്‍ഡ് ചെയ്തത്.
ഡോക്ടറെ മര്‍ദ്ദിച്ചത് വിവാദമായതോടെ കോണ്‍സ്റ്റബിളിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സര്‍ക്കാരിനെതിരെ പാര്‍ട്ടികളായ തെലുങ്കുദേശം പാര്‍ട്ടിയും സിപിഐയും രംഗത്ത് വന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഭരണത്തിന്‍റെ പ്രതിഫലനമാണ് ഈ സംഭവമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. സര്‍ക്കാരിന്‍റെ കഴിവില്ലായ്മ ചൂണ്ടിക്കാട്ടിയ ഒരു ദളിത് ഡോക്ടറെ മനുഷത്വം ഇല്ലാതെയാണ് മര്‍ദ്ദിച്ചതെന്ന് തെലുങ്കുദേശം പാര്‍ട്ടി നേതാവ് വര്‍ല രാമയ്യ പറഞ്ഞു.
എന്നാല്‍, ഡോക്ടര്‍ മദ്യപിച്ച് പൊലീസിനോട് മോശമായി പെരുമാറിയെന്ന് വിശാഖപട്ടണം കമ്മീഷണര്‍ ആര്‍ കെ മീണ പറഞ്ഞു. പൊലീസുകാരന്‍റെ മൊബൈല്‍ വാങ്ങിയ ഡോക്ടര്‍ അത് വലിച്ചെറിയുകയായിരുന്നു. ഡോക്ടര്‍ക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടെന്നും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam