സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം; മഗ്‍സസെ പുരസ്കാര ജേതാവിനെതിരെ കേസ്

By Web TeamFirst Published Jan 22, 2020, 8:06 PM IST
Highlights

ജനാധിപത്യ അവകാശങ്ങള്‍ ഉപയോഗിച്ച് സമാധാനപരമായി സമരം നടത്തുന്നവര്‍ക്ക് നേരെ യുപി പൊലീസ് സമ്മര്‍ദ്ദ തന്ത്രത്തിലൂടെ ഉപദ്രവിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അലിഗഢ്: ഹിന്ദുത്വ സൈദ്ധാന്തികന്‍ സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയതിന് മനുഷ്യാവകാശ പ്രവര്‍ത്തകനും മഗ്‍സസെ പുരസ്കാര ജേതാവുമായ സന്ദീപ് പാണ്ഡെക്കെതിരെ കേസ്. ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്‍റ് രാജീവ് കുമാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അലിഗഢ് സിവില്‍ലൈന്‍സ് പൊലീസാണ് പാണ്ഡെക്കെതിരെ കേസെടുത്തത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ ഞായറാഴ്ച നടന്ന പ്രതിഷേധ പരിപാടിയില്‍ സന്ദീപ് പാണ്ഡെ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. കലാപത്തിന് കാരണമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് വകുപ്പായ 153എ, 501(1) ബി എന്നിവ ചുമത്തി. ബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സന്ദീപ് പാണ്ഡെ പ്രസംഗത്തില്‍ പറഞ്ഞത്. ജെഎന്‍യുവിലെ സമാധാനപരമായ സമരത്തിന് നേരെ മുഖംമൂടി ധരിച്ച ഗുണ്ടകള്‍ ആക്രമണമഴിച്ചുവിട്ടെന്നും അദ്ദേഹം ആരോപിച്ചു.

ഉത്തര്‍പ്രദേശ് പൊലീസിനെതിരെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് രംഗത്തെത്തി. ജനാധിപത്യ അവകാശങ്ങള്‍ ഉപയോഗിച്ച് സമാധാനപരമായി സമരം നടത്തുന്നവര്‍ക്ക് നേരെ യുപി പൊലീസ് സമ്മര്‍ദ്ദ തന്ത്രത്തിലൂടെ ഉപദ്രവിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സന്ദീപ് പാണ്ഡെക്കെതിരെ കേസെടുത്തെന്നും അതേസമയം, അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

click me!