
ദില്ലി: ജെഎൻയുവിലെ (JNU) സംഘർഷത്തിൽ എബിവിപി (ABVP)പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. ജെഎൻയു വിദ്യാർത്ഥി യൂണിയനും ഇടതു വിദ്യാർത്ഥി സംഘടനകളും നൽകിയ പരാതിയിലാണ് ദില്ലി പൊലീസ് കേസെടുത്തത്. സംഘർഷത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് വിദ്യാർത്ഥി യൂണിയൻ. ഇന്ന് ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.
മാംസഹാരം വിളമ്പുന്നതിനെ ചൊല്ലിയാണ് ജെഎൻയുവിൽ സംഘർഷം ഉടലെടുത്തത്. കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഞായറാഴ്ച ഹോസ്റ്റലുകളിൽ മാംസഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാർഥികൾ തടയുകയായിരുന്നു. രാമനവമി ചൂണ്ടിക്കാട്ടിയാണ് മാംസഹാരം വിളമ്പുന്നത് തടഞ്ഞത്. ഇതിനെ മറ്റ് വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ സംഘർഷം ഉണ്ടായത്. അക്രമത്തിന് പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് ഇടത് വിദ്യാർഥി സംഘടനകൾ ആരോപിച്ചു. എന്നാൽ രാമനവമിയുടെ ഭാഗമായുള്ള പരിപാടി ഇടതു വിദ്യാർത്ഥി സംഘടനകൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് എബിവിപി ആരോപിച്ചു. പരിക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam