
ബെംഗളൂരു: ക്രിസ്ത്യൻ പള്ളിയിലെ പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളെ ലക്ഷ്യമിട്ട് അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നാരോപിച്ച് സത്യനിഷ്ഠ ആര്യ എന്ന വ്യക്തിക്കെതിരെ കോറമംഗല പൊലീസ് സ്റ്റേഷനിൽ പരാതി. പ്രതി മനഃപൂർവം പള്ളിയിൽ പ്രവേശിച്ച് പരിപാടി തടസ്സപ്പെടുത്തുകയും പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും എതിരെ അപകീർത്തികരമായ രീതിയിൽ സംസാരിക്കുകയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിച്ച് വർഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങളും പ്രസംഗങ്ങളും ആവർത്തിച്ച് പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. കോറമംഗല പരിധിയിലുള്ള ഒരു ബാങ്കിൽ ഇയാൾ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും മത സംരക്ഷണത്തിനാണെന്ന് അവകാശപ്പെട്ട് സന്ദേശങ്ങൾ വഴി സാമ്പത്തിക സഹായം തേടുന്നുണ്ടെന്നും പൊലീസ് പറയുന്നു.
സത്യനിഷ്ഠ ആര്യ തന്റെ കൂട്ടാളികളോടൊപ്പം ക്രിസ്ത്യൻ പ്രാർത്ഥനാ പരിപാടിയിലേക്ക് അതിക്രമിച്ചു കയറി ക്രിസ്ത്യൻ സമൂഹത്തിനും യേശുക്രിസ്തുവിനുമെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്നു. വേദിയിലുണ്ടായിരുന്ന ഒരു സ്ത്രീ പെരുമാറ്റത്തെ ചോദ്യം ചെയ്തപ്പോൾ, അയാൾ അവരെ അധിക്ഷേപിച്ചുവെന്നും പറയുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ സിറ്റി പൊലീസ് കമ്മീഷണറോട് നിയമനടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കോറമംഗല പോലീസ് ഇപ്പോൾ ഒരു എൻസിആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്നും പുറത്തുവന്നു. ക്രിസ്ത്യാനികളെ ഉപദ്രവിക്കുകയും യേശുക്രിസ്തുവിനെ പരിഹസിക്കുകയും ചെയ്തയാൾ ബംഗ്ലാദേശിൽ നിന്നുള്ള സാനിയുർ റഹ്മാനാണെന്നും അദ്ദേഹം നിലവിൽ ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്നും വസ്തുതാ പരിശോധകനായ മുഹമ്മദ് സുബൈർ എക്‌സിലെ പോസ്റ്റിൽ ആരോപിച്ചു. ഇയാൾ മുമ്പ് മുസ്ലീമായിരുന്നു. പിന്നീട് നിരീശ്വരവാദിയായി സ്വയം വിശേഷിപ്പിച്ചു. 2018 ൽ തന്റെ പേര് 'ശ്രീ സത്യനിഷ്ഠ ആര്യ' എന്ന് മാറ്റി. ക്രിസ്തുമതത്തിനും ഇസ്ലാമിനുമെതിരെ വിദ്വേഷം നിറഞ്ഞ വീഡിയോകൾ അദ്ദേഹം സൃഷ്ടിക്കുന്നുണ്ടെന്നും പേടിഎം, ഗൂഗിൾ പേ പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ പണം തേടുന്നുണ്ടെന്നും പോസ്റ്റിൽ ആരോപിക്കുന്നു. അന്വേഷണത്തിന്റെ ഗതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam