ഹോളി ദിനത്തിൽ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ മുസ്ലീം കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു

By Web TeamFirst Published Mar 30, 2019, 11:14 AM IST
Highlights

അതേസമയം കുടുംബത്തിനെതിരെ കേസുണ്ടെന്ന് കഴിഞ്ഞദിവസം രാവിലെയാണ് പൊലീസ് അറിയിച്ചതെന്ന് കുടുംബാംഗമായ ദില്‍ഷാദ് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ദില്‍ഷാദ് ഇപ്പോള്‍ ചികിത്സയിലാണ്.

ഗുര്‍ഗോണ്‍: ഹോളി ദിവസത്തില്‍ ദില്ലി- ഹരിയാന അതിര്‍ത്തിയിലെ ഗുരുഗ്രാമില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ മുസ്ലീം കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു. കേസിലെ പ്രതിയായ രാജ്കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുടുബത്തിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

'സംഭവ ദിവസം ഞാൻ ബൈക്കിൽ പോകുമ്പോൾ ദേഹത്ത് പന്ത് തട്ടി. എതിര്‍ത്തപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയിൽ ചിലയാളുകള്‍ ചേര്‍ന്ന് എന്നെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് കേസുണ്ടെന്ന വിവരം ഞാൻ അറിഞ്ഞത്'- രാജ്കുമാര്‍ പരാതിയില്‍ പറയുന്നു.
 
അതേസമയം കുടുംബത്തിനെതിരെ കേസുണ്ടെന്ന് കഴിഞ്ഞദിവസം രാവിലെയാണ് പൊലീസ് അറിയിച്ചതെന്ന് കുടുംബാംഗമായ ദില്‍ഷാദ് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ദില്‍ഷാദ് ഇപ്പോള്‍ ചികിത്സയിലാണ്.

ഗുര്‍ഗോണില്‍  മാര്‍ച്ച് 21നാണ് സംഭവം നടന്നത്. വീടിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മുസ്ലീം കുടുംബത്തിലെ അംഗങ്ങളെ 25 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുഹമ്മദ് സാജിദിന്റെ കുടുംബമാണ് ആക്രമിക്കപ്പെട്ടത്. പാക്കിസ്ഥാനിലേക്ക് പോകൂ, എന്നാക്രോശിച്ച് അക്രമികള്‍ യുവാക്കളെ വടിയും ലാത്തിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു.  

സാജിദിന്റെ കുടുംബം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഇവിടെ താമസിച്ചുവരികയായിരുന്നു.അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

click me!