രണ്ടു തവണ മത്സരിച്ച് വിജയിച്ച എം പി മാരുടെ ആസ്തിയിൽ വൻ വ‍ർദ്ധനവ്

By Web TeamFirst Published Mar 30, 2019, 7:51 AM IST
Highlights

നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരം ഉപയാഗിച്ചായിരുന്നു പഠനം. 153 എംപിമാരുടെ സ്വത്ത് 2009 ൽ 5.5 കോടിയായിരുന്നത് 2014 ആയപ്പോൾ 13.32 കോടിയായി ഉയർന്നു

ദില്ലി: രണ്ടു തവണ മത്സരിച്ച് വിജയിച്ച എം പി മാരുടെ ആസ്തിയിൽ വൻ വ‍ർദ്ധനവ്. 109 എംപിമാരുടെ സ്വത്തിൽ 100 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടായി. മുസ്ലീം ലീഗ് എംപി ഇ.ടി.മുഹമ്മദ് ബഷീറാണ് ആസ്തിയിൽ കൂടുതൽ വർദ്ധനവുണ്ടാക്കിയത്. 2009 ലും 2014 ലും തെരഞ്ഞെടുക്കപ്പെട്ട 153 എംപിമാരുടെ സ്വത്തിലുണ്ടായ വർദ്ധനവ് സംബന്ധിച്ച് ദില്ലിയിലുള്ള അസ്സോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സ്വകാര്യ ഏജൻസിയാണ് പഠനം നടത്തി കണക്ക് പുറത്തു വിട്ടത്. 

നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരം ഉപയാഗിച്ചായിരുന്നു പഠനം. 153 എംപിമാരുടെ സ്വത്ത് 2009 ൽ 5.5 കോടിയായിരുന്നത് 2014 ആയപ്പോൾ 13.32 കോടിയായി ഉയർന്നു. 109 എം.പിമാരുടെ സ്വത്തിൽ 100 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടായി. രാജ്യത്ത് ഏറ്റവും കൂടുതൽ ആസ്തി വർദ്ധിച്ചത് ഇ ടി മുഹമ്മദ് ബഷീറിനാണ്. ഇടി യുടെ ആസ്തി ആറു ലക്ഷത്തിൽ നിന്നും ഒരു കോടി മുപ്പത്തി രണ്ട് ലക്ഷമായി. 

കൊടിക്കുന്നിൽ സുരേഷിന് 2009 ലുണ്ടായിരുന്ന പതിനാറു ലക്ഷത്തിൻറെ സ്വത്ത് 2014 ആയപ്പോൾ ഒരു കോടി മുപ്പത്തിരണ്ട് ലക്ഷത്തിനു മുകളിലെത്തി. കെ.സി. വേണുഗോപാലിൻറേത് 35 ലക്ഷത്തിൽ നിന്നും ഒരു കോടി ഇരുപത്തിയെട്ട് ലക്ഷത്തിനു മുളിലുമെത്തി. സിപിഎമ്മിലെ പി.കെ. ബിജുവിൻറെ സ്വത്ത് നാലു ലക്ഷത്തിൽ നിന്നും 32 ലക്ഷമായി.

ഇ ടി മുഹമ്മദ് ബഷീർ 2009 ൽ 6,05,855 2014 ൽ 1,32,16,259 വർദ്ധനവ് 2081 %
കൊടിക്കുന്നിൽ സുരേഷ് 2009 ൽ 16,52,747 - 2014 ൽ 1,32,51,330 വർദ്ധനവ് - 702 %
കെ.സി. വേണുഗോപാൽ 2009 ൽ 35,33,704 - 2014 ൽ 1,28,56,075 വർദ്ധനവ് - 264 %
പി.കെ. ബിജു - 2009ൽ 4,61,000 ൽ 2014 ൽ 32,31,047 - വർദ്ധനവ് - 601%
സോണിയ ഗാന്ധി - 2009 ൽ 1,37,94,768 2014 ൽ 9,28,95,288 - വർദ്ധനവ് 573 %
കെ.വി. തോമസ് - 2009 ൽ 1,50,41,664 2014 ൽ 1,18,48,550 കുറവ് - 21%
പി. കരുണാകരൻ - 2009 ൽ 1,78,23,645 2014 ൽ 59,00,345 കുറവ് - 67%

ഇതിനിടെ ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ട കെ.വി. തോമസിനും പി.കരുണാകരനും സ്വത്തുക്കൾ കുറഞ്ഞെന്നാണ് പഠനത്തിലെ കണ്ടെത്തൽ. കെവി തോമസിന് 2009 ലുണ്ടായിരുന്ന ഒരു കോടി അൻപതു ലക്ഷത്തിൻറെ സ്വത്ത് 2014 ലിലെത്തിയപ്പോൾ ഒരു കോടി പതിനെട്ട് ലക്ഷമായി കുറഞ്ഞു.

സ്വത്തിൽ 40 ശതമാനം വരെ വർദ്ധനവ് ഉണ്ടാകാമെന്ന് സുപ്രീം കോടതി അംഗീകരിക്കുന്നുണ്ടെങ്കിലും ഈ വൻ വർദ്ധനവ് ഉണ്ടായവരുടെ കാര്യത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

click me!