എന്നാൽ ചിലരെങ്കിലും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾക്ക് പുല്ലുവില കൽപിച്ച് പുറത്തിറങ്ങി യഥേഷ്ടം സഞ്ചരിക്കുന്നുണ്ട്. അത്തരത്തിലുള്ള കുറച്ച് ആളുകൾക്ക് പൂന പോലീസ് വ്യത്യസ്തമായ ഒരു ശിക്ഷയാണ് നൽകിയിരിക്കുന്നത്.
പൂന: കൊവിഡ് 19 വ്യാപനം ഓരോ ദിവസം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും കൂട്ടം കൂടി സഞ്ചരിക്കരുതെന്നും ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. എന്നാൽ ചിലരെങ്കിലും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾക്ക് പുല്ലുവില കൽപിച്ച് പുറത്തിറങ്ങി യഥേഷ്ടം സഞ്ചരിക്കുന്നുണ്ട്. അത്തരത്തിലുള്ള കുറച്ച് ആളുകൾക്ക് പൂന പോലീസ് വ്യത്യസ്തമായ ഒരു ശിക്ഷയാണ് നൽകിയിരിക്കുന്നത്.
നടുറോഡിൽ യോഗ ചെയ്യാനാണ് പൊലീസ് അവരോട് ആവശ്യപ്പെട്ടത്. പൂനയിലെ ബിബ്വേവദി പ്രദേശത്താണ് സംഭവം. രാജ്യത്ത് കർശന ലോക്ക് ഡൗൺ നിലവിലിരിക്കുന്ന സമയത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു ഇവർ. എൻഐഎയാണ് ട്വിറ്ററിൽ സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ ഒരു ശിക്ഷ എന്നാണ് വീഡിയോ കണ്ടവരുടെയെല്ലാം അഭിപ്രായ പ്രകടനം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 12380 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായിട്ടുള്ളത്. അതിൽ 10477 പേരിൽ രോഗം സജീവമാണ്. 1488 പേർ രോഗമുക്തി നേടുകയും 414 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ 3000 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 187 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 295 പേർ രോഗമുക്തി നേടി.
രാജ്യതലസ്ഥാനമായ ദില്ലിയാണ് കൊവിഡ് 19 ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. 1578 പേരാണ് രോഗബാധിതർ. ദില്ലിയിൽ 40 പേർ രോഗമുക്തി നേടുകയും 32 പേർ മരിക്കുകയും ചെയ്തു. 1242 രോഗികളുമായി തമിഴ്നാട് ആണ് മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനം. ഇവിടെ 14 പേർ മരിച്ചു, 118 പേർ രോഗമുക്തി നേടി. കൊവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി ഏപ്രിൽ 14 ൽ നിന്ന് മെയ് മൂന്ന് വരെ നീട്ടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam