കൊവിഡ് ലോക്ക്ഡൗണ്‍: വിവിധ ഇന്‍ഷുറന്‍സുകള്‍ പുതുക്കേണ്ട തീയതി നീട്ടി

By Web TeamFirst Published Apr 16, 2020, 1:15 PM IST
Highlights
മാര്‍ച്ച് 25നും മെയ് മൂന്നിനുമിടയില്‍ കാലാവധി തീരുന്ന ആരോഗ്യ,  മോട്ടോര്‍ വാഹന തേര്‍ഡ് പാര്‍ട്ടി പോളിസി ഉടമകള്‍ക്ക് കൊവിഡ് മൂലമുള്ള പ്രതിസന്ധി കാരണം പ്രീമിയം സമയത്തിന് പുതുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മെയ് 15 നുള്ളില്‍ പ്രീമിയം അടച്ചാല്‍ മതി.
ദില്ലി: കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രാജ്യത്ത് നീട്ടീയ സാഹചര്യത്തില്‍ വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കാനുള്ള തീയതി മെയ് 15 വരെ നീട്ടി. ലോക്ക്ഡൗണ്‍ കാലയളവില്‍ പ്രീമിയം അടക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇത് സംബന്ധിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു.

തേഡ് പാര്‍ട്ടി മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുമാണ് ഇത് ബാധകം. മാര്‍ച്ച് 25നും മെയ് മൂന്നിനുമിടയില്‍ കാലാവധി തീരുന്ന ആരോഗ്യ,  മോട്ടോര്‍ വാഹന തേര്‍ഡ് പാര്‍ട്ടി പോളിസി ഉടമകള്‍ക്ക് കൊവിഡ് മൂലമുള്ള പ്രതിസന്ധി കാരണം പ്രീമിയം സമയത്തിന് പുതുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മെയ് 15 നുള്ളില്‍ പ്രീമിയം അടച്ചാല്‍ മതി.

ഈ കാലയളവില്‍, പുതുക്കേണ്ട സമയം കഴിഞ്ഞാലും പുതുക്കേണ്ട തീയതി മുതല്‍ പോളിസി നിലനില്‍ക്കുകയും തടസമില്ലാതെ ക്ലെയിം ചെയ്യാനും സാധിക്കും. അതേസമയം, കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച രണ്ടാം ലോക്ക്ഡൗണിനെ സംബന്ധിച്ചുളള സാമ്പത്തിക മേഖലയുടെ ആശങ്കകള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തു.

ഗ്രാമീണ മേഖലയിലെ ചില വ്യവസായങ്ങള്‍, ഇ-കൊമേഴ്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി), കൃഷി എന്നിവ ഏപ്രില്‍ 20 ന് ശേഷം അനുവദിക്കുമെന്ന് സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അറിയിച്ചു. ഏപ്രില്‍ 20 ന് ശേഷം ചരക്കുകള്‍, അവശ്യവും അനിവാര്യവുമായ വസ്തുക്കളുടെ അന്തര്‍ സംസ്ഥാന ഗതാഗതം എന്നിവ അനുവദിക്കും.

ഹൈവേ ധാബകള്‍, ട്രക്ക് റിപ്പയര്‍ ഷോപ്പുകള്‍, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കോള്‍ സെന്ററുകള്‍ എന്നിവ ഏപ്രില്‍ 20 മുതല്‍ വീണ്ടും തുറക്കാനാകും. ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ യൂണിറ്റുകളിലെ പ്രതിസന്ധികള്‍ക്കും 20 ന് ശേഷം പരിഹാരമുണ്ടാകുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണക്കാക്കുന്നത്. പ്രഖ്യാപിച്ച ഇളവുകള്‍ സംബന്ധിച്ച് ധനമന്ത്രിയും പ്രധാനമന്ത്രിയും വിശദമായി ചര്‍ച്ച ചെയ്തു.
 
click me!