
ബെംഗളൂരു: നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒരു പോലീസ് ഇൻസ്പെക്ടർ പിടിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റ് വീഡിയോ പുറത്ത്. ലോകായുക്ത ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാൾ അലറി വിളിക്കുന്ന വീഡിയോ വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായി. ഇൻസ്‌പെക്ടർ ഗോവിന്ദരാജുവാണ് കൈക്കൂലിക്കേസിൽ പിടിയിലായത്. അറസ്റ്റിന് ശ്രമിക്കുമ്പോൾ യൂണിഫോമിൽ തുടർച്ചയായി അലറി വിളിക്കുകയും അറസ്റ്റിനെ ചെറുക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. കെപി അഗ്രഹാര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഗോവിന്ദരാജു ജനുവരി 29നാണ് കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങിയത്,
കെപി അഗ്രഹാര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ട് ഗോവിന്ദരാജു അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപിച്ച് എംഡി അക്ബർ (42) നൽകിയ പരാതിയെ തുടർന്നാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ, അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം ലോകായുക്ത പൊലീസ് ഇൻസ്പെക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതി പരാതിക്കാരനിൽ നിന്ന് നേരത്തെ ഒരു ലക്ഷം രൂപ വാങ്ങിയിരുന്നുവെന്നും ബാക്കി നാല് ലക്ഷം രൂപ കൈപ്പറ്റിയതായി പറയപ്പെടുന്ന സമയത്താണ് പിടിയിലായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരുന്നു. പരാതിക്കാരനെതിരെ വഞ്ചനാക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും കൈക്കൂലിക്ക് പകരമായി ജാമ്യം ലഭിക്കാൻ സഹായിക്കാമെന്ന് ഗോവിന്ദരാജു വാഗ്ദാനം ചെയ്തതായും പോലീസ് പറഞ്ഞു.
അങ്ങേയറ്റം ലജ്ജാകരമായ പെരുമാറ്റമാണ് പൊലീസുകാരിനിൽ നിന്നുണ്ടായതെന്നും പൊലീസ് സേനക്ക് മൊത്തം നാണക്കേടായെന്നും മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam