മദ്യഷോപ്പിന് മുന്നിൽ കുപ്പി വാങ്ങാന്‍ യൂണിഫോമിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ; വീഡിയോ വൈറല്‍

Web Desk   | Asianet News
Published : May 05, 2020, 12:13 PM ISTUpdated : May 05, 2020, 02:44 PM IST
മദ്യഷോപ്പിന് മുന്നിൽ  കുപ്പി വാങ്ങാന്‍ യൂണിഫോമിൽ  പൊലീസ് ഉദ്യോ​ഗസ്ഥൻ; വീഡിയോ വൈറല്‍

Synopsis

 മുർഷിദാബാദ് ജില്ലയിലെ ബെർഹാംപൂരിലെ മദ്യഷോപ്പിന് മുന്നിലാണ് കയ്യിലൊരു തുണിസഞ്ചിയും പിടിച്ച്, യൂണിഫോമിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ക്യൂവിൽ നിൽക്കുന്നത്.

മുർഷിദാബാദ്: ലോക്ക് ഡൗൺ മൂന്നാം ​ഘട്ടത്തിലെത്തുന്ന പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളിലും മദ്യഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങളോടെയാണ് ഇവ തുറന്ന് പ്രവർത്തിക്കാനുള്ള അനുവാദം ലഭിച്ചിരിക്കുന്നത്. മദ്യഷോപ്പിന് മുന്നിൽ യൂണിഫോം ധരിച്ച് ക്യൂ നിൽക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബം​ഗാളിലാണ് സംഭവം. മുർഷിദാബാദ് ജില്ലയിലെ ബെർഹാംപൂരിലെ മദ്യഷോപ്പിന് മുന്നിലാണ് കയ്യിലൊരു തുണിസഞ്ചിയും പിടിച്ച്, യൂണിഫോമിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ക്യൂവിൽ നിൽക്കുന്നത്.

ഇദ്ദേഹം സബ് ഇൻസ്പെക്ടറാണെന്ന് യൂണിഫോം കണ്ട് തിരിച്ചറിയാം. എന്നാൽ ഹെൽമെറ്റ് ധരിച്ചിരിക്കുന്നതിനാൽ ആളുടെ മുഖം വ്യക്തമല്ല. സാമൂഹിക അകലം പാലിക്കാതെ ക്യൂവിൽ ഇടിച്ചു കയറാൻ ഇദ്ദേഹം ശ്രമിച്ചതായി അവിടെയുണ്ടായിരുന്ന ചിലർ ആരോപിച്ചു. പ്രദേശവാസികളിൽ ചിലരും മാധ്യമപ്രവർത്തകരും ഇദ്ദേഹം ആരെന്നറിയാൻ ശ്രമം നടത്തിയെങ്കിലും മോട്ടോർസൈക്കിളിൽ കയറി വേ​ഗത്തിൽ പോകുകയായിരുന്നു. പത്ത് മിനിറ്റ് സമയം മാത്രമേ ഇദ്ദേഹം മദ്യഷോപ്പിന് മുന്നിൽ നിന്നുളളൂ. അതിനുള്ളിൽ തന്നെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

എന്നാൽ ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് മുർഷിദാബാദ് പൊലീസ് സൂപ്രണ്ടിന്റെ പ്രതികരണം. ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ യൂണിഫോമിലെത്തി മദ്യം വാങ്ങുന്നത് ശരിയായ നടപടിയല്ല. അദ്ദേഹം ആരാണെന്ന് തിരിച്ചറിഞ്ഞാൽ തീർച്ചയായും അച്ചടക്ക നടപടി സ്വീകരിക്കും. അദ്ദേഹം പറഞ്ഞു.  മദ്യം വാങ്ങാനെത്തുന്നവരോട് സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

ഉറങ്ങിപ്പോയി, ഒന്നും അറിഞ്ഞില്ല, ഇന്ത്യൻ പെണ്‍കുട്ടിക്ക് അമേരിക്കയിൽ തീപിടിത്തത്തിൽ ദാരുണാന്ത്യം
തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ