Latest Videos

തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ വ്യാപകം, ജാഗ്രത; വാര്‍ത്തകളുടെ നിജസ്ഥിതി വെളിപ്പെടുത്തി തെലങ്കാന പൊലീസ്

By Web TeamFirst Published Jun 12, 2019, 9:11 PM IST
Highlights

തിരക്കിനിടയില്‍ കൂട്ടം തെറ്റി പോകുന്നതോ മറ്റ് കാരണങ്ങളോ ആണ് ആളുകള്‍ കാണാതാകുന്നതിന് കാരണമായി കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളുമായി ഇതിന് യാതൊരു ബന്ധവും ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഹൈദരാബാദ്: ആളുകളെ കാണാതാകുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ത്രീകളും കുട്ടികളും ജാഗ്രത പുലര്‍ത്തണമെന്നും വീടിന് പുറത്ത് ഇറങ്ങരുതെന്നും നിര്‍ദ്ദേശിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് തെലങ്കാന പൊലീസ്.

10 ദിവസത്തിനുള്ളില്‍ 540 ആളുകളെയാണ് തെലങ്കാനയില്‍ കാണാതായത്. എന്നാല്‍ ഇതില്‍ 222 പേരെ കണ്ടെത്താന്‍ സാധിച്ചെന്നും ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയിക്കുന്നില്ലെന്നും പൊലീസ് വെളിപ്പെടുത്തി. തിരക്കിനിടയില്‍ കൂട്ടം തെറ്റി പോകുന്നതോ മറ്റ് കാരണങ്ങളോ ആണ് ആളുകള്‍ കാണാതാകുന്നതിന് കാരണമായി കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളുമായി ഇതിന് യാതൊരു ബന്ധവും ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല- പൊലീസ് പറഞ്ഞു. 

കാണാതായവരില്‍ 318 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഇതില്‍ 161 സ്ത്രീകളും 117 പുരുഷന്‍മാരും 29 പെണ്‍കുട്ടികളും 11 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. സ്ത്രീകളെയും കുട്ടികളെയും തനിച്ച് സഞ്ചരിക്കാന്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശമുള്‍ക്കൊള്ളുന്ന നിരവധി വ്യാജ വാര്‍ത്തകളാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി തെലങ്കാനയില്‍ പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്തകളില്‍ കഴമ്പില്ലെന്നാണ് പൊലീസ് സ്ഥിതീകരിച്ചിരിക്കുന്നത്.  

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി  പൊലീസ് വാര്‍ത്താ കുറിപ്പ് പുറപ്പെടുവിച്ചു. 

click me!