മംഗളൂരു വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് പ്രതിഷേധക്കാർ തന്നെയെന്ന് പൊലീസ്; കൊല്ലപ്പെട്ടവരെ പ്രതികളാക്കി കേസെടുത്തു

By Web TeamFirst Published Dec 22, 2019, 7:17 PM IST
Highlights

ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് നൗഷീൻ മംഗളൂരു പൊലീസിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടത് എന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. ഇത് തളളിക്കൊണ്ടാണ് മംഗളൂരു പൊലീസിന്‍റെ എഫ്ഐആർ. 
 

മംഗളൂരു: മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടത് പ്രതിഷേധക്കാർ തന്നെയെന്ന് പൊലീസ്. ബന്ധുക്കളുടെ വാദം തളളിയ പൊലീസ് കൊല്ലപ്പെട്ടവരെ പ്രതികളാക്കി കേസെടുത്തു. പൗരത്വ പ്രക്ഷോഭത്തിനെത്തിയപ്പോഴല്ല,ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് നൗഷീൻ മംഗളൂരു പൊലീസിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടത് എന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. ഇത് തളളിക്കൊണ്ടാണ് കൊല്ലപ്പെട്ട നൗഷീനും ജലീലും പ്രതിഷേധക്കാർ തന്നെയെന്ന് വ്യക്തമാക്കി മംഗളൂരു പൊലീസിന്‍റെ എഫ്ഐആർ. 

വ്യാഴാഴ്ചയുണ്ടായ സംഘർഷത്തിൽ പൊലീസെടുത്ത കേസിൽ ജലീൽ മൂന്നാം പ്രതിയും നൗഷീൻ എട്ടാം പ്രതിയുമാണ്. ആകെ 77 പേർക്കെതിരെയാണ് കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് കേസ്. പൊതുമുതൽ നശിപ്പിച്ചെന്നും പൊലീസിനെ ആക്രമിച്ചെന്നും എഫ്ഐആറിലുണ്ട്. രണ്ടായിരത്തോളം പേരാണ് കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ട് നഗരത്തിൽ സംഘടിച്ചതെന്നാണ് പൊലീസ് വാദം. ഏഴായിരത്തോളം പേരാണ് അക്രമം നടത്തിയതെന്നായിരുന്നു നേരത്തെ മംഗളൂരു കമ്മീഷണർ പി എസ് ഹർഷ പറഞ്ഞത്.  കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

അതേസമയം മംഗളൂരു നഗരം സാധാരണനിലയിലേക്ക് വരികയാണ്. കർഫ്യൂവിൽ പകൽ ഇളവുണ്ട്. നാളെ പൂർണമായി പിൻവലിക്കും. നഗരത്തിലും ദക്ഷിണ കന്നഡ ജില്ലയിലും ഇന്‍റർനെറ്റ് സേവനം പുനസ്ഥാപിച്ചു. ബസ് സർവ്വീസുകളും പുനരാരംഭിച്ചു. മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വെടിവപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ മംഗളൂരുവിലെത്തി കണ്ടു.

click me!