
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വാട്സ് ആപ്പിൽ വധഭീഷണി. പൊലീസിന്റെ ടെക്‌സ്‌റ്റ് ഹെൽപ്പ് ലൈനിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചത്. അന്വേഷണത്തിൽ ഒരാൾക്കെതിരെ കേസെടുത്തതായി ലഖ്‌നൗ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡയൽ-112 ഹെൽപ്പ് ലൈനിലെ വാട്ട്‌സ്ആപ്പ് നമ്പറിൽ ഷാഹിദ് എന്ന വ്യക്തിയാണ് സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരെ ബോംബെറിയുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായി പിടിഐയോട് പൊലീസ് പറഞ്ഞു. ഗോൾഫ് സിറ്റി പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഹെഡ്ക്വാർട്ടേഴ്‌സ് സ്റ്റേഷൻ കമാൻഡർ സുഭാഷ് കുമാർ പറഞ്ഞു. പ്രതികളെ പിടികൂടാൻ നിരവധി സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും സൈബർ സെല്ലും നിരീക്ഷണ സംഘങ്ങളും ഇതിനായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് വ്യക്തമാക്കി.
മോദിയെയും യോഗിയെയും പിന്തുണച്ചതിന് വിവാഹമോചനം തേടിയെന്ന പരാതിയിൽ അറസ്റ്റ്
ലഖ്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പിന്തുണച്ചതിന് മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. യുവതിയുടെ പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊറാദാബാദ് സ്വദേശിയായ നദീം എന്ന യുവാവിനെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവും ബന്ധുക്കളും ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ബിജെപിയെ പിന്തുണച്ചതിന് പിന്നാലെ വിവാഹമോചനത്തിന് വക്കീൽ നോട്ടീസ് അയച്ചു. ഭർതൃസഹോദരനും ഭർതൃ സഹോദരിയും ഉപദ്രവിച്ചെന്നും യോഗി ആദിത്യനാഥിനെ മെൻഷൻ ചെയ്ത് യുവതി ട്വീറ്റ് ചെയ്തു. സ്ത്രീയുടെ പരാതിയിൽ നടപടിയെടുക്കണമെന്ന് ഹിന്ദുസംഘടന മൊറാദാബാദ് പൊലീസിനോടാവശ്യപ്പെട്ടു. ഭർത്താവ് വിവാഹമോചനം ആവശ്യപ്പെടുമ്പോഴെല്ലാം, യോഗി എന്റെ കൂടെയുണ്ടെന്ന് ഞാൻ പറയുമായിരുന്നു. ഞാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. യോഗി ജിക്ക് മാത്രമാണ് ഞാൻ വോട്ട് ചെയ്തത്. ഇതിൽ എന്റെ അനിയത്തിക്ക് വല്ലാത്ത ദേഷ്യമായിരുന്നു. പിന്നീട് ഭർത്താവ് വിവാഹമോചനത്തിന് നോട്ടീസ് അയച്ചു. എനിക്ക് നീതി വേണം- യുവതി പറഞ്ഞു.