പൊലീസുകാരനായ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകി വനിതാ കോൺസ്റ്റബിൾ. ഭർത്താവിനെയും സഹോദരിയെയും അരുതാത്ത സാഹചര്യത്തിൽ കണ്ടതിന് പിന്നാലെ തന്നെ നിർബന്ധിച്ച് സാനിറ്റൈസർ കുടിപ്പിച്ചെന്നും ഭർതൃസഹോദരൻ ബലാത്സംഗം ചെയ്തെന്നും പരാതിയിൽ പറയുന്നു.
ലഖ്നൗ: ഉത്തർപ്രദേശിൽ ഭർത്താവായ പൊലീസ് കോൺസ്റ്റബിളിനും കുടുംബത്തിനുമെതിരെ പരാതി നൽകി വനിതാ കോൺസ്റ്റബിൾ. തന്റെ ഭർത്താവിനെയും ഭർതൃ സഹോദരിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിനെത്തുടർന്ന് പരാതിക്കാരിയെ കുടുംബം ശാരീരകമായി ആക്രമിച്ചുവെന്നുമാണ് കേസ്. ഇതിന്റെ ഭാഗമായി യുവതിയെക്കൊണ്ട് നിർബന്ധിച്ച് സാനിറ്റൈസർ കുടിപ്പിച്ചുവെന്നും, ഇതെത്തുടർന്നുണ്ടായ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ബിഎൻഎസ് സെക്ഷൻ 85 (ഭർത്താവ് അല്ലെങ്കിൽ ഭർത്താവിന്റെ ബന്ധുക്കളുടെ പീഡനം), 115(2) ( ആക്രമിച്ച് പരിക്ക് വരുത്തുക), 351(3) ( ഭീഷണിപ്പെടുത്തുക), സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബിസൽപുര്‍ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സഞ്ജീവ് ശുക്ല പറഞ്ഞു.
സംഭവത്തിന് മുൻപ് ഭർത്താവ് പ്രിയങ്ക് ശർമ്മ, ഭർത്താവിന്റെ അച്ഛൻ രാജേശ്വർ പ്രസാദ് ശർമ്മ, ഭർത്താവിന്റെ അമ്മ കുന്തി ദേവി, സഹോദരൻമാർ അനുജ് ശർമ്മ, മുകേഷ് ശർമ്മ, സഹോദരിമാർ ശ്വേത, സാന്തോഷ് എന്നിവർ സ്ത്രീധനത്തിന്റെ പേരിൽ യുവതിയുടെ പരാതിയിൽ പറയുന്നു. 2023 ജനുവരി 26-ന് ആണ് പരാതിക്കാരി പ്രിയങ്ക് ശർമ്മയെ വിവാഹം ചെയ്തത്. വിവാഹച്ചടങ്ങിനായി കാർ, സ്വർണം, വിലയേറിയ വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചർ, പാത്രങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 50 ലക്ഷം രൂപ ചെലവിട്ടിരുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ സ്കോർപ്പിയോ എസ്‌യുവി ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ ആവശ്യങ്ങൾ പാലിക്കാൻ കഴിയാതെ വന്നപ്പോൾ, ശാരീരികമായി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
ഇതിന് ശേഷം, 2023 ജൂലൈ 13-ന് ഭർത്താവും ഭർത്താവിന്റെ അച്ഛനും ചേർന്ന് ആൺകുട്ടി ജനിക്കാനെന്ന പേരിൽ ഒരു മരുന്ന് കുടിക്കാൻ നിർബന്ധിച്ചു. ഇത് എതിർത്തതോടെ ഗർഭിണിയായ യുവതിയെ വീണ്ടും ആക്രമിച്ചു. 2024 ജനുവരി 30 ന് യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ, ഗർഭകാലത്ത് നേരിട്ട ശാരീരിക ആക്രമണങ്ങൾ മൂലം കുഞ്ഞിന് ഗർഭാവസ്ഥയിൽ തന്നെ പരിക്ക് പറ്റിയിരുന്നുവെന്നും ഇത് കുഞ്ഞിന് അപസ്മാരം ഉണ്ടാകാൻ കാരണമായെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. കൂടാതെ, ഭർതൃ സഹോദരൻ മുകേഷ് ശർമ യുവതിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തെന്നും പരാതിയിലുണ്ട്. ഇത് സംബന്ധിച്ച് ഖർഖൗഡ പൊലീസ് സ്റ്റേഷനിൽ, മുകേഷ് ശർമ്മക്കെതിരെയും ബലാത്സംഗത്തിനുള്ള കേസ് നിലനിൽക്കുന്നുണ്ട്.


