
ബെംഗളൂരു: കർണാടകയിലെ കലബുറഗിയിൽ ജയിൽ ചാടിയ മൂന്ന് പ്രതികളിലൊരാളെ പൊലീസ് വെടിവെച്ച് വീഴ്ത്തി പിടികൂടി. കൊലക്കേസ് പ്രതിയായ സന്തോഷിനാണ് വെടിയേറ്റത്. പ്രതികളുടെ ആക്രമണത്തിൽ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർക്ക് പരിക്കേറ്റു. സന്തോഷിനൊപ്പം ജയിൽ ചാടിയ മസ്താൻ, സാഗർ എന്നിവർ രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ബീദറിലെ കൊലക്കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ജയിൽചാടിയ മൂന്ന് പ്രതികളെ പിടികൂടാൻ പൊലീസ് നടത്തിയ ശ്രമമാണ് വെടിവെപ്പിൽ കലാശിച്ചത്. ഒളിസ്ഥലം വളഞ്ഞ പൊലീസിന് നേരെ പ്രതികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇവരെ തടയാൻ പൊലീസ് ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിവച്ചെങ്കിലും കീഴടങ്ങാതെ വന്നതോടെ പ്രതികളിലൊരാളെ വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സന്തോഷ് എന്ന പ്രതിക്കാണ് കയ്യിൽ വെടിയേറ്റത്. ഇയാളെ പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പ്രതികൾക്കായി തെരച്ചിൽ നടത്തുന്നത്. പ്രതികളുടെ പ്രത്യാക്രമണത്തിൽ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർക്ക് പരിക്കേറ്റിട്ടിട്ടുണ്ട്. ഇവരെ കലബുറഗി ജിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രതികൾ ജയിൽചാടിയ സംഭവത്തിലും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജയിലിനകത്ത് ഉദ്യോഗസ്ഥരുടെ ഒത്താശ പ്രതികൾക്ക് ലഭിച്ചു എന്നാണ് പൊലീസ് നിഗമനം. അല്ലാത്ത പക്ഷം സെല്ലിൽ നിന്ന് അർധരാത്രിക്ക് ശേഷം പ്രതികൾക്ക് പുറത്ത് വരാനാകില്ല എന്നും ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഈ മാസം മൂന്നിന് മഞ്ജുനാഥ് എന്ന ഒരു പോക്സോ കേസ് പ്രതിയും കലബുറഗിയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam