തബ് ലീഗ് ജമാ അത്തിൽ പങ്കെടുത്ത 200 വിദേശപ്രതിനിധികൾക്കായി തെരച്ചിൽ ആരംഭിച്ചു

By Web TeamFirst Published Apr 4, 2020, 5:25 PM IST
Highlights

മാര്‍ച്ച് ഒന്നിനും,പതിനെട്ടിനുമിടയില്‍ നിസാമുദ്ദീനിലെത്തിയ 2100 വിദേശികളില്‍ 216 പേര്‍ ഇവിടെ തങ്ങിയിരുന്നു.16 പേരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി

ദില്ലി: നിസാമുദ്ദീനിലെ തബ് ലീഗ് ജമാ അത്തില്‍ പങ്കെടുത്ത് ഒളിവില്‍ പോയ  ഇരുനൂറ് വിദേശ പ്രതിനിധികള്‍ക്കായി നാളെ മുതല്‍ തെരച്ചില്‍ തുടങ്ങും ആരാധനാലയങ്ങളിലടക്കം പരിശോധന നടത്താന്‍ ദില്ലി പോലീസ് സര്‍ക്കാരിന്‍റെ അനുമതി തേടിയിരുന്നു.

രാജ്യ തലസ്ഥാനത്തെ കൊവിഡ് ചികിത്സക്കും പ്രതിരോധത്തിനും വലിയ തിരിച്ചടിയാണ് തബ്ലീഗ് ജമാ അത്തില്‍ പങ്കെടുത്ത വിദേശ പ്രതിനിധികളുടെ നടപടിമൂലം ഉണ്ടായിരിക്കുന്നത്. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തിയ 200  പേരെ
അടിയന്തരമായികണ്ടെത്തി പരിശോധനകള്‍ക്കും നിരീക്ഷണത്തിനും വിധേയരാക്കാനുള്ള തീവ്രശ്രമത്തിലാണ് ദില്ലി പോലീസ്.

മാര്‍ച്ച് ഒന്നിനും,പതിനെട്ടിനുമിടയില്‍ നിസാമുദ്ദീനിലെത്തിയ 2100 വിദേശികളില്‍ 216 പേര്‍ ഇവിടെ തങ്ങിയിരുന്നു.16 പേരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. മറ്റുള്ളവര്‍ ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക സഹായത്തോടെ  ഒളിവില്‍ കഴിയുന്നുവെന്നാണ്
പോലീസിന്‍റെ നിഗമനം. വിദേശികളെ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് കരുതുന്ന 16 ആരാധനാലയങ്ങള്‍ പോലീസിന്‍റെ നിരീക്ഷണത്തിലാണ് .ഇവരില്‍ ചിലര്‍ക്ക് രോഗബാധയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കൂടുതല് പേരിലേക്ക് പകരാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് അടിയന്തര നടപടിക്ക് അനുമതി തേടി  പോലീസ് ദില്ലി സര്‍ക്കാരിനെ സമീപിച്ചത്.

ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഭൂരിഭാഗം കേസുകളും നിസാമുദ്ദീന്‍ മതസമ്മേളനത്തിൽ പങ്കെടുത്തവരിലാണെന്നതും ആശങ്ക കൂട്ടുന്നു. ഇതിനിടെ താന്‍ ഒളിവിലല്ലെന്നും, കൊവിഡ് നിരീക്ഷണത്തിലുമാണെന്ന് നിസാമുദ്ദീന്‍ മര്‍കസ് മേധാവി മൗലാന മുഹമ്മദ് സാദ് ദില്ലി പോലീസിനെ
അറിയിച്ചു. ലോക്ക് ഡൗണില്‍ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ തബ്ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കഴിയില്ലെന്നും ദില്ലി പോലീസ് നല്‍കിയ നോട്ടീസിന് മൗലാന സാദ് മറുപടി നല്‍കി. തബ്ലീഗ് ജമാഅത്ത് വിവാദമായതിന് പിന്നാലെ കഴിഞ്ഞ 28 മുതല്‍ മൗലാന മുഹമ്മദ് സാദ് ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

click me!