
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പീഡന പരാതി അന്വേഷിക്കുന്ന പൊലീസ് സംഘം പാലക്കാടെത്തി. തിരുവനന്തപുരത്തുള്ള പൊലീസ് സംഘമാണ് പാലക്കാട്ടെത്തിയത്. രാഹുൽ താമസിച്ചിരുന്ന കുന്നത്തൂർമേടിലുള്ള ഫ്ലാറ്റിലെത്തി തെളിവെടുത്തു. രാഹുലിൻ്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്ലാറ്റിൽ തന്നെയെന്ന് പൊലീസ് അറയിച്ചു. ഫ്ലാറ്റിൽ വീണ്ടും പരിശോധന നടത്തും.
രാഹുലിനെതിരെ പരാതി നൽകിയ യുവതിയുടെ ശബ്ദ പരിശോധന നടത്തും. പുറത്തുവന്ന സംഭാഷണം പരാതിക്കാരിയുടെതാണോ എന്ന് ഉറപ്പിക്കാൻ യുവതിയുടെ ശബ്ദ സാമ്പിൾ പരിശോധിക്കും. തിരുവല്ലം ചിത്രാഞ്ജലിയിലാണ് പരിശോധന നടത്തുക. അതിനിടെ യുവതിക്ക് പൊലീസ് സംരക്ഷണമൊരുക്കി.
ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചു. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചത് അറസ്‌റ്റിന് തടസമല്ലെന്നാണ് പൊലീസ് വാദം. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന റിപ്പോർട്ട് പൊലീസ് തള്ളി. എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിച്ചത്. രണ്ടാം മാസത്തിലാണ് ഗർഭച്ഛിദ്രം നടത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പരാതിയിൽ പൊലീസ് ആശുപത്രി രേഖകൾ പരിശോധിച്ചു. ഗർഭച്ഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടർമാർ മൊഴി നൽകി. ഗർഭച്ഛിദ്രത്തിന് ശേഷം യുവതി മാനസികമായി തളർന്നു. വൈദ്യപരിശോധനയുടെ രേഖകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മെയ് 30നാണ് യുവതി മരുന്ന് കഴിച്ചത്. ശേഷം ഗുരുതര രക്തസ്രാവമുണ്ടായെന്നും ചികിത്സാ രേഖകൾ പറയുന്നു. രണ്ട് മരുന്നുകളാണ് യുവതിക്ക് നൽകിയത്. രക്തസ്രാവത്തിന് ശേഷം സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. യുവതിയുടെ പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുലും സഹായിയും ഇപ്പോഴും ഒളിവിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam