
ദില്ലി: ദില്ലി മുനിസിപ്പൽ കോർപ്പറേഷനിലെ (എംസിഡി) 12 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന് നടക്കും. 12 സീറ്റുകളിലേക്ക് 53 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ ഒൻപത് സീറ്റുകൾ ബിജെപിയുടേതും മൂന്ന് സ്ഥാനാർത്ഥികൾ എഎപിയുടേതുമായിരുന്നു. 2022 ഡിസംബറിൽ 250 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാൽ 125 എന്ന കേവലഭൂരിപക്ഷം നേടാൻ ഇവർക്ക് സാധിച്ചിരുന്നില്ല. 99 സീറ്റാണ് കോർപറേഷനിൽ എഎപി നേടിയത്.
കോർപറേഷനിലെ 12 കൗൺസിലർമാർ ദില്ലി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് ഇപ്പോൾ വോട്ടെടുപ്പ് നടക്കാനുള്ള കാരണം. 115 സീറ്റുള്ള ബിജെപിക്ക് കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ മുഴുവൻ സീറ്റിലും ജയിക്കേണ്ടതുണ്ട്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ നിന്ന് പാർട്ടിയുടെ ജനസ്വാധീനം തിരിച്ചുപിടിക്കാനുള്ള അവസരമാണ് എഎപിക്ക് ഈ തെരഞ്ഞെടുപ്പ്.
മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ നേതൃത്വത്തിലാണ് ബിജെപി പ്രചാരണം നടത്തിയത്. മുൻ മുഖ്യമന്ത്രി അതിഷിയായിരുന്നു എഎപിയുടെ നായക സ്ഥാനത്ത്. നേരത്തെ ദില്ലി മുനിസിപ്പൽ കോർപറേഷൻ കൗൺസിലറായിരുന്നു രേഖ ഗുപ്ത. കൗൺസിലറായിരിക്കെയാണ് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച് മുഖ്യമന്ത്രിയായത്. ഇവരുടേതടക്കം 12 സീറ്റുകളിലേക്കാണ് മത്സരം.