ദില്ലിയില്‍ പൊലീസ്- അഭിഭാഷക പോര് മുറുകുന്നു; കേന്ദ്രവും അമിത് ഷായും കുരുക്കില്‍

By Web TeamFirst Published Nov 7, 2019, 6:41 AM IST
Highlights

പൊലീസ്- അഭിഭാഷക പ്രശ്നത്തിൽ കേന്ദ്രം ഇടപെടാത്തതും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിക്കാത്തതും വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കുന്നത്. രാജ്യതലസ്ഥാനത്തെ ക്രമസമാധാനം പെരുവഴിയിലായെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം

ദില്ലി: രാജ്യതലസ്ഥാനത്ത് പൊലീസും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിന് പരിഹാരം കാണാനാകാത്തതിനാൽ ഇന്നും കോടതികൾ സ്തംഭിച്ചേക്കും. പൊലീസിന്‍റെ ഹർജികൾ ദില്ലി ഹൈക്കോടതി തള്ളിയത് വലിയ അമർഷമാണ് സേനയ്ക്കുള്ളിൽ ഉണ്ടാക്കിയത്. ഈ സാഹചര്യത്തിൽ എന്തായിരിക്കും പൊലീസിന്‍റെ അടുത്ത നീക്കമെന്നതും ശ്രദ്ധേയമാകും.

പ്രശ്നത്തിൽ കേന്ദ്രം ഇടപെടാത്തതും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിക്കാത്തതും വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കുന്നത്. രാജ്യതലസ്ഥാനത്തെ ക്രമസമാധാനം പെരുവഴിയിലായെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. കേന്ദ്രസര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി മുന്നോട്ട് പോകുന്ന പൊലീസ്- അഭിഭാഷക പോര് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.

കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതിരുന്നത് അമിത് ഷായുടെ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിക്കുകയും ചെയ്തു. ഇന്നലെ ദില്ലി കോടതികളിലെ സംഘര്‍ഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന പൊലീസിന്‍റെ ആവശ്യം ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. സാകേത് കോടതിയിൽ പൊലീസിനെ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്കെതിരെ എഫ്ഐആര്‍ എടുക്കേണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഇതടക്കം പൊലീസ് മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും കോടതി തള്ളുകയായിരുന്നു. ജുഡീഷ്യൽ അന്വേഷണത്തിൽ നീതി കിട്ടുമെന്ന പ്രതീക്ഷ ഇല്ലെന്നായിരുന്നു പൊലീസുകാരുടെ പരാതി. സാകേത് കോടതിയിൽ പൊലീസുകാരനെ അടിച്ച അഭിഭാഷകരനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്നും കോടതി പറഞ്ഞു.
 

click me!